ലണ്ടന്‍: ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ആര് വിജയിച്ചാലും പിറക്കുക ചരിത്രം. ഇത്തവണ ലോകകപ്പിന് പുതിയ അവകാശികളെത്തും. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനലിലെത്തുമ്പോള്‍ എതിരാളികള്‍ ന്യൂസിലന്‍ഡ്. ഇരു ടീമുകളും ഇതുവരെ ലോകകപ്പ് സ്വന്തമാക്കിയിട്ടില്ല. 1996 ന് ശേഷമാണ് ലോകകപ്പിന് പുതിയ അവകാശികളെ ലഭിക്കുന്നത്. 1996 ല്‍ ശ്രീലങ്കയാണ് കിരീടം ചൂടിയത്. ശക്തരായ ഓസ്‌ട്രേലിയയെ ഫൈനലില്‍ പരാജയപ്പെടുത്തിയായിരുന്നു ശ്രീലങ്കയുടെ കിരീട ധാരണം. അതിനു ശേഷം 23 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് വീണ്ടും ലോകകപ്പിന് പുതിയ അവകാശികളെ ലഭിക്കാന്‍ പോകുന്നത്.
Read Also: തോല്‍വിക്ക് കാരണമുണ്ട്; അങ്ങനൊരാള്‍ ഉണ്ടായിരുന്നങ്കില്‍ തോല്‍ക്കില്ലായിരുന്നു: രവി ശാസ്ത്രി
ആതിഥേയരായ ഇംഗ്ലണ്ടിന് ഇത് നാലാം ഫൈനലാണ്. 1979, 1987, 1992 എന്നീ വര്‍ഷങ്ങളിലെ ലോകകപ്പുകളിലാണ് ഇംഗ്ലണ്ട് ഇതിന് മുന്‍പ് ഫൈനല്‍ കളിച്ചത്. എന്നാല്‍, കിരീടം സ്വന്തമാക്കാനുള്ള ഭാഗ്യം ഇംഗ്ലീഷ് നിരയ്ക്ക് ഇല്ലായിരുന്നു. 27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു ഫൈനല്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞ ആഗ്രഹങ്ങളൊന്നും ഇംഗ്ലണ്ടിനില്ല. പ്രത്യേകിച്ച് കളി നടക്കുന്നത് സ്വന്തം നാട്ടിലാകുമ്പോള്‍ ഇംഗ്ലണ്ടിന് കിരീടം നേടുക എന്നത് ഒരു അഭിമാന പ്രശ്‌നം കൂടിയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തരായ ഇന്ത്യയെയും സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ (2015 ലോകകപ്പ്) ഓസ്‌ട്രേലിയയെയും തോല്‍പ്പിച്ചത് ഇംഗ്ലണ്ടിന് ആത്മവിശ്വാസം പകരുന്നു.
മറുവശത്ത് തുടര്‍ച്ചയായി രണ്ടാം ഫൈനലിന് തയ്യാറെടുക്കുകയാണ് ന്യൂസിലന്‍ഡ്. 2015 ല്‍ ഓസ്‌ട്രേലിയയോട് ഏഴ് വിക്കറ്റിന് തോല്‍വി സമ്മതിച്ചാണ് ന്യൂസിലന്‍ഡ് കിരീടം നഷ്ടപ്പെടുത്തിയത്. ഇത്തവണ ഇംഗ്ലണ്ടിനെ വീഴ്ത്തി 2015 ന് പകരം വീട്ടുകയാണ് ന്യൂസിലന്‍ഡ് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍, കരുത്തരായ ഇംഗ്ലണ്ട് കിവീസിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയതാണ് കിവീസിന് പ്രതീക്ഷയേകുന്നത്. കരുത്തരായ ബോളിങ് നിരയാണ് ന്യൂസിലന്‍ഡിന് വജ്രായുധം. ബാറ്റിങ്ങില്‍ നായകന്‍ വില്യംസണ്‍ നിലവിലെ ഫോം തുടര്‍ന്നാല്‍ ന്യൂസിലന്‍ഡിന് ലോകകപ്പില്‍ മുത്തമിടാം.
ഞായറാഴ്ച ലോഡ്‌സില്‍ വച്ച് നടക്കുന്ന കലാശപ്പോരാട്ടം ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ്.