ക്രെെസ്‌റ്റ്‌ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്‌ക്ക് നാണംകെട്ട തോൽവി. ക്രെെസ്‌റ്റ്‌ചർച്ചിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഏഴ് വിക്കറ്റിനാണ് കിവീസ് ഇന്ത്യയെ മുട്ടുകുത്തിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര 2-0 ത്തിന് ന്യൂസിലൻഡ് സ്വന്തമാക്കി. ആദ്യ ടെസ്റ്റിലും കിവീസിനായിരുന്നു വിജയം.

മൂന്നാം ദിവസമായ ഇന്ന് ആറിന് 90 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടർന്നത്. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യയ്‌ക്ക് ഏഴ് റൺസ് ലീഡുണ്ടായിരുന്നു. ടീം ടോട്ടൽ 124 ൽ എത്തിയപ്പോൾ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിനു തിരശീല വീണു. ഇതോടെ ന്യൂസിലൻഡിനു വിജയലക്ഷ്യം 132 റൺസായി. ആദ്യ ഇന്നിങ്‌സിൽ 235 റൺസിന് ഓള്‍ഔട്ട് ആയ ന്യൂസിലൻഡ് രണ്ടാം ഇന്നിങ്‌സിൽ കരുതലോടെ ബാറ്റ് വീശി. 36 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്‌ടപ്പെടുത്തി ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നു. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 242 റൺസാണ് നേടിയത്. ടോസ് ലഭിച്ച ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങി‌ന് അയക്കുകയായിരുന്നു.

Read Also: താരപുത്രിയായിട്ടും ഞാൻ കാസ്റ്റിങ് കൗച്ച്‌ നേരിട്ടിട്ടുണ്ട്; തെളിവുണ്ടെന്ന് വരലക്ഷ്മി ശരത്കുമാർ

സ്‌കോർ ഒറ്റനോട്ടത്തിൽ:

ആദ്യ ഇന്നിങ്‌സ്

ഇന്ത്യ- 242/10

ന്യൂസിലൻഡ്- 235/10

രണ്ടാം ഇന്നിങ്‌സ് 

ഇന്ത്യ- 124/10

ന്യൂസിലൻഡ്- 132/3

രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയ്‌ക്കുവേണ്ടി മികച്ച പ്രകടനം നടത്താൽ ഒരു ബാറ്റ്‌സ്‌മാനും സാധിച്ചില്ല. 24 റൺസ് നേടിയ ചേതേശ്വർ പുജാരയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. രവീന്ദ്ര ജഡേജ (16), വിരാട് കോഹ്‌ലി (14), പൃഥ്വി ഷാ (14) എന്നിവരും രണ്ടക്കം കണ്ടു. ബാക്കി ഇന്ത്യൻ താരങ്ങളെല്ലാം രണ്ടക്കം കാണാതെ മടങ്ങി. രണ്ടാം ഇന്നിങ്‌സിൽ ന്യൂസിലൻഡിനുവേണ്ടി ട്രെൻഡ് ബോൾട്ട് നാല് വിക്കറ്റും ടിം സൗത്തി മൂന്ന് വിക്കറ്റും നേടി.

ആദ്യ ഇന്നിങ്‌സിലെ പോരായ്‌മകൾ മനസിലാക്കി വിവേകപൂർവ്വമാണ് ന്യൂസിലൻഡ് രണ്ടാം ഇന്നിങ്‌സിൽ ബാറ്റ് വീശിയത്. ഓപ്പണർമാരായ ടോം ബ്ലഡെൽ (55) ടോം ലാതം (52) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് കിവീസ് അനായാസം വിജയലക്ഷ്യത്തിലെത്തിയത്. നേരത്തെ ടി 20 പരമ്പര ഇന്ത്യയും ഏകദിന പരമ്പരയും ന്യൂസിലൻഡും സ്വന്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook