മുംബൈ: ന്യൂസിലന്റിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. ആറ് വിക്കറ്റിനാണ് കിവികൾ ഇന്ത്യയെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ട് വെച്ച 281 റൺസിന്റെ ലക്ഷ്യം ന്യൂസിലന്റ് 49 ഓവറിൽ മറികടന്നു. സെഞ്ചുറി നേടിയ ടോം ലഥാമും(103 നോട്ടൗട്ട്) അർദ്ധസെഞ്ച്വറി നേടിയ റോസ് ടെയ്ലറുമാണ്(95) കിവികളുടെ വിജയ ശിൽപികൾ.
80റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ ന്യൂസിലാന്റിന് നഷ്ടമായെങ്കിലും നാലാം വിക്കറ്റിൽ ലതാമും ടെയ്‌ലറും ചേർന്ന് പടുത്തുയർത്തിയ 200 റൺസിന്റെ കൂട്ടുകെട്ടിന്റെ കരുത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ പരമ്പരയിൽ ന്യൂസിലാന്റ് 1-0ന് മുന്നിലെത്തി. ഇന്ത്യയ്ക്ക് വേണ്ടി ജസ്‌പ്രീത് ബുംറ, ഹർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് നേടി.
നേരത്തെ, 200-ാം ഏകദിന മത്സരത്തിൽ സെഞ്ചുറി കുറിച്ച നായകൻ വിരാട് കോഹ്‌ലിയുടെ മികവിലാണ് ഇന്ത്യക്ക് മികച്ച സ്കോർ കണ്ടെത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 280 റൺസ് എടുത്തു.
ഏകദിന കരിയറിലെ 31-ാം സെഞ്ചുറിലാണ് കിവീസിനെതിരേ കോഹ്ലി കുറിച്ചത്. 49 ഏകദിന സെഞ്ചുറികൾ കുറിച്ച സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇനി കോഹ്ലിക്കു മുന്നിലുള്ളത്. 125 പന്തുകൾ നേരിട്ട കോഹ്ലി 121 റൺസ് ആണ് നേടിയത്. 9 ബൗണ്ടറികളും രണ്ട് സിക്സറും നായകന്റെ ഇന്നിങ്സിന് ശക്തി പകർന്നു.