ഇൻഡോർ: റെക്കോർഡ് ബുക്കുകൾ തിരുത്തിയെഴുതുന്നത് വിനോദമാക്കി മാറ്റിയ വ്യക്തിയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. 2019 ൽ നിരവധി നേട്ടങ്ങൾ തന്റെ പേരിൽ കുറിച്ച താരം പുതുവർഷത്തിലെ ആദ്യ മത്സരത്തിലും രണ്ട് റെക്കോർഡുകൾ തന്റെ പേരിലാക്കി.

ഇന്‍ഡോറില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്നലെ നടന്ന രണ്ടാം ടി20യില്‍ 17 പന്തില്‍ പുറത്താകാതെ 30 റണ്‍സ് നേടിയ കോഹ്‌ലി അന്താരാഷ്ട്ര ടി20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന നായകൻ എന്ന നേട്ടം കൈപ്പിടിയിലാക്കി. ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസ് 31 മത്സരങ്ങളിൽ നിന്ന് നേടിയ റെക്കോർഡാണ് വെറും 30 മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ നായകൻ സ്വന്തം പേരിലാക്കിയത്.

രാജ്യാന്തര ടി 20യില്‍ 1000 ക്ലബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ​ നായകനാണ് കോഹ്‌ലി. മുന്‍ നായകന്‍ എംഎസ് ധോണിയാണ് ഈ നാഴികക്കല്ല് പിന്നി ആദ്യ ഇന്ത്യൻ നായകൻ. എന്നാല്‍ 57 ഇന്നിങ്സുകളിൽ നിന്നായാണ് ക്യാപ്റ്റൻ കൂളിന്റെ ഈ നേട്ടം.

Read Also: ഇൻഡോർ അടച്ച് ലങ്കാദഹനം; ഇന്ത്യൻ ജയം ഏഴ് വിക്കറ്റിന്

ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍, ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗനും 1000 റൺസ് തികച്ച നായകൻമാരുടെ പട്ടികയിൽ നേരത്തെ തന്നെ ഇടംപിടിച്ചവരാണ്. വില്യംസണ്‍ 36 ഇന്നിങ്സുകളിൽ നിന്നും മോർഗൻ 42 ഇന്നിങ്സുകളിൽ നിന്നുമാണ് നേട്ടം കൈവരിച്ചത്.

ഒന്നല്ല രണ്ട് റെക്കോർഡുകളാണ് ഇൻഡോറിൽ വിരാട് സ്വന്തമാക്കിയത്. ടി 20 ക്രിക്കറ്റി​ൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും താരത്തിന്റെ പേരിലാക്കി. സഹതാരം രേഹിത് ശർമയുടെ 2633 റൺസ് നേട്ടത്തെയാണ് കോഹ്‌ലി മറികടന്നത്. ഇന്നലത്തെ മത്സരത്തിൽ ഒരു റൺസ് നേടിയപ്പോഴാണ് കുട്ടിക്രിക്കറ്റിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനെന്ന റെക്കോർഡിലേക്ക് കോഹ്‌ലി ബാറ്റുവീശിയത്.

Read Also: ഇവന്‍ ചതിക്കില്ല കോഹ്ലി ഏറ്റവും വിശ്വസ്തനെന്ന് പഠനം, സച്ചിന്‍ പോലും പിന്നില്‍

രോഹിത് 96 ഇന്നിങ്സില്‍ നിന്ന് 2633 സ്വന്തമാക്കിയപ്പോൾ കോ‌ഹ‌്‌ലി 71 ഇന്നിംഗ്‌സില്‍ നിന്നാണ് ഇത്രയും റണ്‍സ് നേടിയത്. അതേസമയം 2436 റണ്‍സുമായി ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് മൂന്നാം സ്ഥാനത്തുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook