മുംബൈ: പുതുവത്സരാഘോഷത്തിന്റെ സുരക്ഷാ ഭീഷണിയെ തുടർന്ന് കൊൽക്കത്തയിൽ നടത്താനിരുന്ന മത്സരം ഇന്ത്യൻ സൂപ്പർ ലീഗ് സംഘാടകർ മാറ്റിവച്ചു. ജനുവരി മൂന്നിലേക്കാണ് മത്സരം മാറ്റിയത്. ഇതേ തുടർന്ന് ഫിക്സചറുകളിൽ ആകെ മാറ്റം വന്നു.

ഫെബ്രവരി ഒൻപതിന് അത്ലറ്റികോ ഡി കൊൽക്കത്തയ്ക്ക് എതിരെ നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിൽ മാറ്റമുണ്ട്. ഇത് ഫെബ്രുവരി എട്ടിന് നടക്കും. ഡിസംബർ 31 ന് അത്ലറ്റികോ ഡി കൊൽക്കത്തയ്ക്ക് എതിരായ എഫ് സി ഗോവ മത്സരമാണ് മാറ്റിവച്ചത്.

ജനുവരി 31 ന് നടക്കേണ്ടിയിരുന്ന ബെംഗളൂരു-ചെന്നൈയിൻ മത്സരം ഫെബ്രുവരി ആറിലേക്ക് മാറ്റി. എഫ് സി ഗോവയ്ക്ക് എതിരെ ഫെബ്രുവരി ഒൻപതിന് നടക്കേണ്ട ബെംഗളൂരുവിന്റെ മത്സരവും എട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഫെബ്രുവരി 25 ന് കലിംഗ സ്റ്റേഡിയത്തിലാവും ജംഷഡ്‌പൂർ എഫ് സി – ബെംഗളൂരു മത്സരം നടക്കുക. ജെആർഡി സ്പോർട്സ് കോംപ്ലക്സിൽ നടക്കേണ്ടിയിരുന്ന മത്സരമാണ് മാറ്റിയത്.

അതേസമയം കൊച്ചിയിൽ നടക്കുന്ന പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡിസംബർ 31 ന് ഇവിടെ നടക്കേണ്ട കളി മാറ്റണമെന്ന കൊച്ചി സിറ്റി പൊലീസിന്റെ ആവശ്യം ഐഎസ്എൽ അധികൃതർ തള്ളിയിരുന്നു. ഈ നിലപാടിൽ ഇപ്പോഴും ഇവർ ഉറച്ചുനിൽക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ