മുംബൈ: ഐഎസ്എല്ലില്‍ വന്‍ മാറ്റവുമായി അധികൃതര്‍. ഈ വര്‍ഷത്തെ നോക്കൗട്ട് സ്‌റ്റേജു മുതല്‍ ഐഎസ്എല്ലില്‍ എവേ ഗോള്‍ നിയമം നടപ്പിലാക്കാന്‍ തീരുമാനിച്ചതായി സംഘാടകര്‍ അറിയിച്ചു. ഇന്നത്തെ മൽസരം മുതല്‍ നിയമം നടപ്പിലാക്കാനാണ് തീരുമാനം.

2014 ല്‍ ആരംഭിച്ച ലീഗിന് വന്‍ സ്വീകാര്യതയാണ് രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നും ലഭിക്കുന്നത്. ഫുട്‌ബോളിന് നഷ്ടപ്രതാപം വീണ്ടെടുത്ത് കൊടുക്കാന്‍ ഐഎസ്എല്ലിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ നോക്കൗട്ട് സ്‌റ്റേജിലെ എവേ ഗോള്‍ നിയമം കഴിഞ്ഞ മൂന്ന് സീസണിലും ഇല്ലായിരുന്നു.

നാല് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഐഎസ്എല്ലില്‍ എവേ ഗോള്‍ നിയമം നടപ്പിലാക്കുന്നത്. പുതിയ നിയമ പ്രകാരം, രണ്ട് പാദ മൽസരങ്ങള്‍ക്കും ശേഷം ഗോളുകള്‍ തുല്യമാണെങ്കില്‍ എവേ മൽസരത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീമായിരിക്കും വിജയി. ഈ നിയമം നടപ്പിലാക്കുന്നതോടെ ലോകത്തെ പ്രമുഖ ലീഗുകളുടെ നിരയിലേക്ക് ഐഎസ്എല്‍ എത്തപ്പെടും.

ഇന്നാണ് ഐഎസ്എല്‍ നാലാം സീസണിലെ ആദ്യ പ്ലേ ഓഫ് മൽസരം. ബെംഗളൂരു എഫ്‌സിയും എഫ്‌സി പുണെ സിറ്റിയും തമ്മിലാണ് ആദ്യ മൽസരം. രണ്ടാമത്തെ പ്ലേ ഓഫില്‍ ചെന്നൈയിന്‍ എഫ്‌സി-എഫ്‌സി ഗോവയേയും നേരിടും.

ഇന്ത്യയിലെ ടോപ് ഫുട്‌ബോള്‍ ലീഗായി മാറുന്നതിന് പുതിയ നിയമം ഐഎസ്എല്ലിനെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ