എഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്നലെ പാക്കിസ്ഥാനെതിരെ മികച്ച വിജയമായിരുന്നു ഇന്ത്യയുടേത്. ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാക്കിസ്ഥാൻ ഉയർത്തിയ വിജയലക്ഷ്യം ഇന്ത്യ മറികടക്കുകയായിരുന്നു. ഇന്ത്യയുടെ മിന്നും വിജയത്തിൽ നിർണ്ണായകമായതാകട്ടെ ഓപ്പണർമാരായ രോഹിത്തിന്റെയും ധവാന്റെയും പ്രകടനവും. ഇന്ത്യയുടെ വിജയത്തിനുപുറമെ ഒരുപിടി റെക്കോർഡുകൾ കൂടിയാണ് ഇരുവരും സ്വന്തമാക്കിയത്.

ഇന്നലെ നടന്ന മത്സരത്തിൽ 210 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ഇതോടെ ഏകദിനത്തിൽ ഓപ്പണിങ് വിക്കറ്റിൽ കൂടുതൽ തവണ 100 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ സഖ്യമായി രോഹിതും ധവാനും മാറി. ഓപ്പണിങ് വിക്കറ്റിൽ 13 തവണയാണ് ഇരുവരും 100 വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയർത്തിയത്. രാജ്യാന്തര ക്രിക്കറ്റിന്റെ ഏകദിന ഫോർമാറ്റിൽ കൂടുതൽ തവണ സെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്ന നാലാമത്തെ സഖ്യവും ഇവർ തന്നെ. സച്ചിൻ തെൻഡുൽക്കർ-സൗരവ് ഗാംഗുലി സഖ്യമാണ് ഏകദിനത്തിൽ ഓപ്പണിങ് വിക്കറ്റിൽ കൂടുതൽ തവണ 100 റൺസ് കൂട്ടുകെട്ട് നേടിയിട്ടുള്ളത്.

കൂട്ടുകെട്ടിൽ തന്നെയായിരുന്നു ഇരുവരുടെയും അടുത്ത റെക്കോർഡ്. പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്നലെ രോഹിതും ധവാനും കൂടി നേടിയത്. ഒപ്പം റൺസ് പിന്തുടരുമ്പോൾ ഇന്ത്യൻ ഓപ്പണർമാരുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും ഇന്നലെ പാക്കിസ്ഥാനെതിരെ തന്നെയായിരുന്നു. പാക്കിസ്ഥാനെതിരെ ഒരു മത്സരത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ സെഞ്ചുറി നേടിയതിനും ഇന്നലെ ദുബായ് വേദിയായി. ഇത് മൂന്നാം തവണയാണ് രണ്ട് താരങ്ങൾ ചിരവൈരികളായ പാക്കിസ്ഥാനെതിരെ സെഞ്ചുറി നേടുന്നത്.

ഇനി വ്യക്തിഗത നേട്ടങ്ങളിലേക്ക്. പുറത്താകാതെ ഇന്നലെ 111 റൺസ് നേടിയതോടെ രോഹിത് ശർമ്മയുടെ 19-ാം സെഞ്ചുറി നേട്ടത്തിനാണ് ദുബായ് വേദിയത്. തുടർച്ചയായ ഏട്ടാം പരമ്പരയിലും രോഹിത് സെഞ്ചുറി നേട്ടം ആവർത്തിക്കുകയായിരുന്നു. ഇതിനിടയിൽ ഏകദിനത്തിൽ 7000 റൺസ് ക്ലബ്ബിലെത്തുന്ന താരമായും രോഹിത് മാറി. ധവാന്റെ ഏകദിനത്തിലെ 15-ാം സെഞ്ചുറിയായിരുന്നു പാക്കിസ്ഥാനെതിരെ ഇന്നലെ നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook