ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പ് സജീവമാവുകയാണ്. ഒരു ഇടവേളക്ക് ശേഷം ലീഗിൽ മത്സരങ്ങൾ പുനരാരംഭിച്ച രണ്ട് ദിവസങ്ങൾക്കുള്ളിൽ പിറന്നത് പത്ത് ഗോളുകളാണ്. അതിൽ തന്നെ ഏഴ് ഗോളുകൾ ഇന്നലെ നടന്ന ചെന്നൈ – നോർത്ത് ഈസ്റ്റ് മത്സരത്തിലും. ക്യാപ്റ്റൻ കൂടിയായ ബെർത്തലോമ്യോ ഒഗ്ബെച്ചെയുടെ തകർപ്പൻ ഹാട്രിക് മികവിലാണ് ഇന്നലെ നോർത്ത് ഈസ്റ്റ് ചെന്നൈയെ പരാജയപ്പെടുത്തിയത്. ഹാട്രിക് നേട്ടത്തിനൊപ്പം ഒരു പുതിയ റെക്കോർഡ് കൂടി ബെർത്തലോമ്യോ ഒഗ്ബെച്ചെ തന്റെ പേരിൽ കുറിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഹാട്രിക് നേടുന്നത്. പത്ത് മിനിറ്റിനുള്ളിലാണ് മൂന്ന് തവണ നോർത്ത് ഈസ്റ്റ് താരം ചെന്നൈ വല കുലുക്കിയത്. കളിയുടെ 29, 32, 39 മിനിറ്റുകളിലായിരുന്നു ബെർത്തലോമ്യോ ഒഗ്ബെച്ചെയുടെ ഗോളുകൾ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിലെ ആദ്യ ഹാട്രിക് കൂടിയായിരുന്നു ഇത്.

കളിയുടെ 29-ാം മിനിറ്റിൽ ചെന്നൈ വല ചലിപ്പിച്ച് ബെർത്തലോമ്യോ നോർത്ത് ഈസ്റ്റിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ഏറെ വൈകാതെ മൂന്ന് മിനിറ്റിനുള്ളിൽ 32-ാം മിനിറ്റിൽ റാഫേൽ അഗസ്റ്റോ നൽകിയ പാസിൽ വീണ്ടും ബെർത്തലോമ്യോ നോർത്ത് ഈസ്റ്റിനായി ഗോൾ നേടി. 39-ാം മിനിറ്റിലായിരുന്നു ബെർത്തലോമ്യോയുടെ മൂന്നാം ഗോൾ. അഞ്ചാം പതിപ്പിൽ ഏറ്റവും കൂടുതൽ ഗോൾ പിറന്ന മത്സരവും ചെന്നൈ-നോർത്ത് ഈസ്റ്റ് പോരാട്ടമായിരുന്നു.

കളിയുടെ തുടക്കത്തിൽ നോർത്ത് ഈസ്റ്റ് താരം റൗളിൻ ബോർഗസിന്റെ ഓൺഗോളിൽ ചെന്നൈ മുന്നിലെത്തുകയായിരുന്നു. പിന്നീട് ചെന്നൈയ്‍ക്ക് വേണ്ടി തോയ് സിങ് ഇരട്ട ഗോളുകളും സ്വന്തമാക്കിയതോടെ ചെന്നൈ വിജയമുറപ്പിച്ചതാണ്. എന്നാൽ ബെർത്തലോമ്യോ തിരിച്ചടിച്ചതോടെ ചെന്നൈ തകർന്നു. ആദ്യ പകുതിയിലെ വിവാദ നായകൻ റൗളിൻ ബോഗസിന്റെ തന്നെ 56-ാം മിനിറ്റിൽ നേടിയ ഗോളിൽ നോർത്ത് ഈസ്റ്റ് വിജയം ആഘോഷിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ