ദീർഘനാളത്തെ റയൽ ജീവിതത്തിന് അന്ത്യം കുറിച്ച് ഇറ്റലിയിലെ യുവന്റസിലെത്തിയ റൊണാൾഡോ പുതിയ തട്ടകത്തിലും ആധിപത്യം ഉറപ്പിക്കുന്നു. യുവന്റസിനായി ഇതിനോടകം തന്നെ നിരവധി വിജയങ്ങൾ സമ്മാനിച്ചു കഴിഞ്ഞു ഈ പോർച്ചുഗീസ് താരം.

ഇന്നലെ നടന്ന മത്സരത്തിൽ യുവന്‍റസ് എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്പാലിനെ തോൽപിച്ചത്. ഇന്നലെയും ഒരു ഗോൾ നേടിയതോടെ മറ്റൊരു റെക്കോർഡിന്കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോ അർഹനായി.

യുവന്റസിനായി അതിവേഗം 10 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമായാണ് റൊണാൾഡോ മാറിയത്. ഇന്നലെ യുവന്റസ് കുപ്പയത്തിൽ റൊണാൾഡോ കളിക്കുന്ന 16മത് മത്സരമായിരുന്നു. സ്പാലിനെതിരെ താരം നേടിയ ഗോൾ യുവന്റസിന്റെ അക്കൗണ്ടിലെ പത്താം ഗോളാണ്.

29-ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ. രണ്ടാം പകുതിയുടെ 60-ാം മിനിറ്റിൽ മാൻസികിച്ചും ഗോൾ നേടിയതോടെ യുവന്റസ് വിജയം ആഘോഷിക്കുകയായിരുന്നു. വലൻസിയക്കെതിരായ മത്സരത്തിലും ഇരുവരും ഗോൾ നേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook