ക്രിക്കറ്റ് കളത്തിലെ അതിരുവിട്ട പെരുമാറ്റങ്ങള്‍ക്ക് കളിക്കാരെ പുറത്താക്കാന്‍ അമ്പയര്‍മാര്‍ക്ക് അധികാരം നല്‍കുന്നതുള്‍പ്പെടെയുള്ള വലിയ മാറ്റങ്ങള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. സെപ്തംബര്‍ 28ന് നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ഏകദിനത്തോടെയാകും ഈ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുക. ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ്, പാകിസ്താൻ-ശ്രീലങ്ക ടെസ്റ്റ് പരമ്പരകളില്‍ പുതിയ നിയമങ്ങള്‍ പൂർണരീതിയിൽ നടപ്പിലാക്കും.

ഇനി കളിക്കാരന്റെ പെരുമാറ്റം ഗുരുതരമായി ബാധിക്കുന്ന തരത്തിലുള്ളതാണെങ്കില്‍ മത്സരത്തില്‍ നിന്ന് പുറത്താക്കി ഗ്രൗണ്ട് വിട്ടു പോവാന്‍ പറയാനുള്ള അധികാരം അമ്പയര്‍ക്കുണ്ട്. അമ്പയറെ ഭീഷണിപ്പെടുത്തുന്നതും എതിര്‍താരത്തെയോ അതല്ലെങ്കില്‍ മറ്റാരേയെങ്കിലുമോ കായികമായി നേരിടുന്നതും ഐ.സി.സി നിയമാവലിയില്‍ ലെവല്‍ ഫോര്‍ ഒഫെന്‍സില്‍ ഉള്‍പ്പെടുത്തുന്നതാണ്.

ബാറ്റിന്റെ അളവിലും ഐ.സി.സി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബാറ്റിന്റെ താഴ്‌വശം 40 മില്ലി മീറ്ററില്‍ കൂടുതലാവാന്‍ പാടില്ല. വീതി 108 മില്ലിമീറ്ററിലും ആഴം (ഡെപ്ത്) 67 മില്ലിമീറ്ററുമാകണം. പുതിയ മാര്‍ഗ്ഗനിര്‍ദേശമനുസരിച്ചുള്ളതാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, എബി ഡിവില്ലിയേഴ്സ്, സ്റ്റീവ് സ്മിത്ത്., ജോ റൂട്ട് എന്നിവരുടെ ബാറ്റുകള്‍. അതിനാല്‍ ഇവരെ ഈ പ്രശ്നം ബാധിക്കില്ല. വാര്‍ണറും പൊള്ളാര്‍ഡും ഗെയ്ലുമെല്ലാം ഉപയോഗിക്കുന്ന ബാറ്റിന്റെ അറ്റത്തിന് 50മില്ലിമീറ്റര്‍ കട്ടിയുണ്ട്. ധോനിയുടേത് 45 മില്ലിമീറ്ററുമാണ്. ഈ മാര്‍ഗ്ഗനിര്‍ദേശം മുന്നില്‍ കണ്ട് പൊള്ളാര്‍ഡ് കഴിഞ്ഞ ഐ.പി.എല്ലില്‍ തന്നെ ബാറ്റില്‍ മാറ്റം വരുത്തിയിരുന്നു.

അന്പയറുടെ തീരുമാനം പുന:പരിശോധിക്കാനുള്ള ഡി.ആര്‍.എസില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിലാണ് ഇത് ബാധകമാവുക. ഒരു ഇന്നിങ്‌സില്‍ 80 ഓവറിന് ശേഷം പുതിയ റിവ്യൂസിനുള്ള അവസരമുണ്ടാവില്ല. 80 ഓവര്‍ വരെ രണ്ട് ഡി.ആര്‍.എസിനുള്ള അവസരമാണ് ഓരോ ടീമിനുമുണ്ടായിരുന്നത്. ആ രണ്ടെണ്ണത്തിലും പരാജയപ്പെട്ടാല്‍ 80 ഓവറിന് ശേഷം പുതിയ റിവ്യൂസ് നല്‍കിയിരുന്നു. എന്നാല്‍ ഇനി 80 ഓവറിന് ശേഷം പുതിയ റിവ്യൂവിനുള്ള അവസരം ലഭിക്കില്ല.

റണ്‍ഔട്ടിലും ഐ.സി.സി പുതയി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ക്രീസിലേക്ക് ബാറ്റ്‌സ്മാന്‍ ഡൈവ്‌ ചെയ്യുന്ന സമയത്ത് ബാറ്റ് ക്രീസിലെത്തിയിട്ടും ഗ്രൗണ്ട് തൊടാത്ത അവസ്ഥയില്‍ നില്‍ക്കെ എതിര്‍ കളിക്കാരന്‍ വിക്കറ്റ് തെറിപ്പിച്ചാല്‍ ഇനി മുതല്‍ ബാറ്റ്‌സ്മാന്‍ റണ്‍ഔട്ടാവില്ല. സ്റ്റമ്പിങ്ങിന്റെ സമയത്തും നിയമം ഇതുതന്നെയാണ്. വിക്കറ്റ് കീപ്പറോ ഫീല്‍ഡറോ ധരിച്ച ഹെല്‍മെറ്റില്‍ തട്ടിയ ശേഷമാണ് ഒരു ബാറ്റ്‌സ്മാന്‍ റണ്‍ഔട്ടാവുന്നതോ ക്യാച്ച് ചെയ്ത് പുറത്താവുന്നതോ സ്റ്റമ്പ് ചെയ്ത് പുറത്താവുന്നതോ ആണെങ്കില്‍ അത് ഔട്ടായിത്തന്നെ പരിഗണിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ