ബെംഗലുരു: എഫ്സിബി, അഥവാ എഫ് സി ബാഴ്സലോണ… കാറ്റലോണിയൽ കാൽപ്പന്ത് കളിയുടെ മറുപേരാണ് അത്. യൂറോപ്യൻ ഫുട്ബോൾ ശൈലിയെ ലോക ഫുട്ബോൾ ഭൂപടത്തിൽ ഏറ്റവും വിലയേറിയതാക്കി മാറ്റിയ ഫുട്ബോൾ ക്ലബുകളിൽ ഒന്ന്. ഫുട്ബോളിലെ കിരീടം വയ്ക്കാത്ത രാജാവ് സാക്ഷാൽ ലയണൽ മെസ്സിയ കളി പഠിച്ചതും കളം വാഴുന്നതും ഈ ക്ലബിലാണ്.
ആ ബാഴ്സയ്ക്ക് ഇന്ത്യയിൽ സ്വന്തമായി ഒരു അക്കാദമിയുണ്ട്. ബെംഗലുരുവിലെ ഈ ക്യാമ്പിൽ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഹെയ്ഡൻ ജോസ്. തൃശ്ശൂർ മുക്കാട്ടുകരക്കാരനായ ഈ പയ്യന് പ്രായം വെറും 23. ബാഴ്സലോണ പോലെ ഒരു വമ്പൻ ക്ലബിന്റെ പരിശീലകനായി ചുമതലയേറ്റിട്ടും ഇതൊരു സ്വപ്നമാണെന്ന സംശയത്തിലാണ് ഹെയ്ഡൻ ജോസ്.
ബാഴ്സലോണയുടെ ബെംഗളൂരുവിലെ യൂത്ത് അക്കാദമിയിൽ മുഖ്യ പരിശീലകനായിട്ടാണ് ഹെയ്ഡൻ നിയമിക്കപ്പെട്ടിരിക്കുന്നത്. ഒരു വർഷത്തേക്കുളള കരാറാണ് ഹെയ്ഡനുമായി ക്ലബ്ബ് ഒപ്പു വച്ചിരിക്കുന്നത്.
എഞ്ചിനീയറിങ് ബിരുദധാരിയായ ഹെയ്ഡന്റെ ഫുട്ബോൾ പ്രവേശം അവിചാരിതമല്ല. പഠിക്കുന്ന കാലം തൊട്ടെ മനസിൽ കയറിയതാണ് ഫുട്ബോൾ. വീട്ടുകാരുടെ താൽപര്യത്തിന് വഴങ്ങി ബി.ടെക്കിന് ചേരുമ്പോഴും മനസിലും കാലിലും വിടാതെ പിടിച്ചിരുന്നു ഫുട്ബോളിനെ എന്ന് ഹെയ്ഡൻ പറയുന്നു.
എന്നാൽ പരിശീലകനായത് ഒരു നേരത്തെ ചിന്തയിൽ നിന്നുമാണ്. താൻ കളിച്ചിരുന്ന എറണാകുളത്തെ എത്തിഹാഡ് സാന്റോസ് എന്ന ക്ലബ്ബിലെ കുട്ടികളുമായി ഒരു ദിവസം ചിലവഴിച്ചപ്പോൾ ലഭിച്ച അനുഭവമാണ് പരിശീലകനാകാൻ ഹെയ്ഡനെ പ്രേരിപ്പിച്ചത്.
“ഒരു ദിവസം കുട്ടികളുമായി ചിലവഴിച്ചപ്പോൾ അവരുടെ മുഖത്ത് കണ്ട ചിരിയും സന്തോഷവുമാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്താൻ എന്നെ സഹായിച്ചത്. കുറ്റം പറയാൻ വളരെ എളുപ്പമാണ്, എന്നാൽ ചിരിപ്പിക്കുക അത്ര എളുപ്പമല്ല. അന്ന് ഒരു പരിശീലകനാകുമെന്ന് ഉറപ്പില്ലായിരുന്നെങ്കിലും, ഫുട്ബോളിന് വേണ്ടിയിട്ട് എന്തെങ്കിലും ചെയ്യുമെന്ന് തീരുമാനിച്ചിരുന്നു,” ഹെയ്ഡൻ ഇന്ത്യൻ എക്സപ്രസ് മലയാളത്തോട് പറഞ്ഞു.
പരിശീലകനാകാൻ വേണ്ടി തന്നെയാണ് ഹെയ്ഡൻ ബെംഗളൂരുവിൽ എത്തിയത്. സ്കോട്ട്ലൻഡ് ക്ലബ്ബായ റേഞ്ചേഴ്സ് എഫ് സിയുടെ പരിശീലന കളരിയായ ഗെയിംഡേ അക്കാദമിയിൽ നിന്നുമാണ് താരം ബാഴ്സയിൽ എത്തുന്നത്.
ബാഴ്സലോണ നടത്തിയ ട്രയൽസിൽ ഏഴ് പേരെ പിന്തള്ളിയാണ് ഹെയ്ഡൻ പരിശീലകനായത്. ബാഴ്സലോണയുടെ തന്നെ ടെക്നിക്കൽ ഡയറക്ടർ ജോർദി എസ്കോബാറാണ് ട്രയൽസിന് നേതൃത്വം നൽകിയത്. ഗെയിംഡേ അക്കാദമിയിൽ ഹെയ്ഡന്റെ പരിശീലനം ജോർദി എസ്കോബാർ കണ്ടിരുന്നു. പിന്നീട് കോച്ചിന്റെ ട്രയൽസിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് ബാഴ്സയിൽ നിന്ന് നേരിട്ട് കത്ത് ലഭിക്കുകയായിരുന്നു. പിന്നീട് ഹെയ്ഡനെ വിളിച്ച് ബാഴ്സയിൽ ട്രയൽസിന് വരാൻ അദ്ദേഹം അവശ്യപ്പെടുകയായിരുന്നു. ഇപ്പോൾ അണ്ടർ 16 ടീമിന്റെ പരിശീലകനാണ് ഹെയ്ഡൻ. എന്നാൽ പ്രവർത്തന മികവ് അനുസരിച്ച് ഇതിൽ സ്ഥാനക്കയറ്റം ലഭിക്കും.