ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരുന്ന പതിപ്പിൽ കൂടുതൽ ടീമുകളുണ്ടാകുമെന്ന റിപ്പോർട്ടുകൾ. പുതിയതായി ഒരു ടീമിനെക്കൂടെ ടൂർണമെന്റിന്റെ ഭാഗമാക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ രണ്ട് ടീമുകളെ ഉൾപ്പെടുത്താനാണ് ബിസിസിഐ ശ്രമിക്കുന്നതെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ദീപാവലി അവധിക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുകയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ്. നിലവിൽ എട്ട് ടീമുകളാണ് ഐപിഎല്ലിൽ കളിക്കുന്നത്. ഇത് പത്താക്കാനാണ് ശ്രമം. റൗണ്ട് റോബിൻ ഫോർമാറ്റിലാണ് ടൂർണമെന്റ് എന്നതുകൊണ്ട് ടീമുകളുടെ എണ്ണം എത്രയായലും ലീഗിന്റെ ഘടനയെ ബാധിക്കില്ല.

അതേസമയം പുതിയ ടീം അഹമ്മദാബാദിൽ നിന്നായിരിക്കുമെന്നാണ് സൂചന. ലോകത്തെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് അഹമ്മദാബാദിലാണ്. ഒരു സമയം ഒരു ലക്ഷത്തോളം ആളുകൾക്ക് സ്റ്റേഡിയത്തിലിരുന്ന കളി കാണാനുള്ള സൗകര്യം അഹമ്മദാബാദിലുണ്ട്. ഇതിന് പുറമെ മറ്റൊരു ഫ്രാഞ്ചൈസികൂടി അനുവദിച്ചാൽ അത് എവിടെയാണെന്ന് കാത്തിരുന്ന് കാണണം.

ടീമുകളുടെ എണ്ണത്തിൽ അടുത്ത 72 മണിക്കൂറിനുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. പുതിയ ഫ്രാഞ്ചൈസികളെ ക്ഷണിച്ചുകൊണ്ടുള്ള ടെൻഡർ നടപടികളും വൈകാതെ തന്നെ ആരംഭിക്കും. പുതിയ ടീം ഒന്നാണെങ്കിലും രണ്ടാണെങ്കിലും മെഗാ ലേലം വേണ്ടി വരുമെന്നതിനാൽ എത്രയും വേഗം നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമമായിരിക്കും ബിസിസിഐയുടെ ഭാഗത്ത് നിന്നുണ്ടാവുക.

ടീമിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ പട്ടികയിൽ ബൈജൂസിനൊപ്പം നിരവധി വമ്പന്മാരാണുള്ളത്. അദാനി ഗ്രൂപ്പ, ടാറ്റ, ആർപിജി – സഞ്ജീവ് ഗോയങ്ക ഗ്രൂപ്പുകളാണ് ഐപിഎലിൽ ടീമിനെ സ്വന്തമാക്കാൻ രംഗത്തുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook