ഐസിസിയുടെ പുതിയ ചട്ടങ്ങള്‍ കൂടുതല്‍ ആവേഷവും പ്രൊഫഷണലിസവും കൊണ്ടുവരുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ന്യൂസിലന്റിന് എതിരായ ആദ്യ ഏകദിനത്തിന് ഇന്ത്യ ഇന്ന് വാങ്കഡെയില്‍ ഇറങ്ങുന്നതിന് മുന്നോടിയായാണ് കോഹ്ലിയുടെ പ്രതികരണം.

പുതിയ നിയമപ്രകാരം ബാറ്റ്സ്മാന്‍ ക്രീസില്‍ എത്തിയതിന് പിന്നാലെ ബാറ്റ് വായുവില്‍ ഉയര്‍ന്ന് നിന്നാലും റണ്‍ ഔട്ട് ആവുകയില്ല. ഇത് വളരെ ആവേശം പകരുന്നതാണെന്നും താരങ്ങള്‍ ഇതിനെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും കോഹ്ലി പറഞ്ഞു.

ആദ്യമൊക്കെ ഇത് മറന്നു പോകാമെന്നും എന്നാല്‍ താമസിയാതെ പുതിയ നിയമങ്ങള്‍ എല്ലാവരും കളിയുടെ ഭാഗമായി തന്നെ പിടിച്ചെടുക്കുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ കൂട്ടിച്ചേര്‍ത്തു. ‘എന്നാല്‍ അത് വളരെയധികം സഹായകമാണ്. കൂടുതല്‍ ആവേശം പകരാനും മത്സരം പ്രൊഫഷണല്‍ ആകാനും പുതിയ ചട്ടങ്ങള്‍ സഹായിക്കും. കളിക്കളത്തില്‍ കുറച്ചധികം ശ്രദ്ധയോടെ നിന്ന് ഇത് എല്ലാവരും മനസ്സിലാക്കേണ്ടി വരും’, കോഹ്ലി പറഞ്ഞു.

‘വ്യാജ ഫീല്‍ഡിംഗ്’ നടത്തുന്നവര്‍ക്ക് പിഴ വിധിക്കാനും ഐസിസി പുതിയ ചട്ടം ഭേദഗതി ചെയ്തിട്ടുണ്ട്. കൈയില്‍ പന്ത് ഉളളത് പോലെ അഭിനയിച്ച് റണ്ണിനായി ഓടുന്ന ബാറ്റ്സ്മാ്നെ കുഴക്കിയാല്‍ അഞ്ച് റണ്‍ പിഴയായി നല്‍കേണ്ടി വരും. ഓസ്ട്രേലിയയിലെ ജെഎല്‍ടി വണ്‍ ഡേ കപ്പിനിടയിലാണ് വ്യാജ ഫീല്‍ഡിംഗിന് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഒരു താരത്തിന് പിഴയിട്ടത്.

കടുത്ത കുറ്റങ്ങള്‍ ആണ് ചെയ്തതെങ്കില്‍ കളിക്കാരെ ഫുട്ബോളിലേത് പോലെ കളത്തിന് പുറത്തേക്ക് പറഞ്ഞയക്കാനും ഐസിസിയുടെ പുതിയ ചട്ടം ഭേദഗതി ചെയ്തു. ക്രിക്കറ്റ് ബാറ്റിന്റെ കട്ടിയും വീതിയും സംബന്ധിച്ചും നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇനിമുതല്‍ കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് ബാറ്റുകള്‍ അനുവദിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ