“ഇന്ത്യയുടെ അടുത്ത വൈറ്റ് ബോൾ ക്യാപ്റ്റനായി നിങ്ങൾ ആരെയാണ് കാണുന്നത്?” ഇന്ത്യൻ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിതനായ രാഹുൽ ദ്രാവിഡ് അഭിമുഖത്തിൽ നേരിട്ട ചോദ്യങ്ങളിലൊന്നായിരുന്നു ഇത്. അതിനു മറുപടിയായി രാഹുൽ പറഞ്ഞത്, അനുഭവസമ്പത്ത് വച്ച് ആദ്യം രോഹിത് ശർമ്മയും, രണ്ടാമത് കെ.എൽ.രാഹുലും എന്നായിരുന്നുവെന്നാണ് ഇന്ത്യൻ എക്സ്പ്രസ് അറിയുന്നത്. നവംബർ 17ന് ആരംഭിക്കുന്ന ന്യൂസിലൻഡ് പരമ്പര മുതലാണ് ദ്രാവിഡ് മുഖ്യ പരിശീലകനായി ചുമതലയേൽക്കുക.
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിയും, എന്നാൽ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തേക്കും ബിസിസിഐ പുതിയ നായകനെ ആഗ്രഹിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
ഭാവിയിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) പങ്കിനെ കുറിച്ചും ദേശീയ ടീമുമായി അത് എങ്ങനെ ഏകോപിപ്പിക്കണം എന്നതിനെ കുറിച്ചും ദ്രാവിഡ് ഒരു ഓൺലൈൻ പവർപോയിന്റ് അവതരണം നടത്തിയതായാണ് വിവരം. ഇടവേളകളില്ലാത്ത മത്സരങ്ങൾക്കിടയിൽ കളിക്കാരുടെ ജോലിഭാരം എങ്ങനെ കൈകാര്യം ചെയ്യാമെന്നും അവർക്ക് മതിയായ വിശ്രമം നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചതായും അറിയുന്നു. ബെഞ്ച് സ്ട്രെങ്ത് എങ്ങനെ കൂട്ടാമെന്നും പുതിയ കളിക്കാരെ എങ്ങനെ നിരീക്ഷിക്കണം എന്നതിനെക്കുറിച്ചും ദ്രാവിഡ് സംസാരിച്ചതായാണ് അറിവ്.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ദ്രാവിഡ് മാത്രമാണ് മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചതെന്നാണ് വിവരം. സുലക്ഷണ നായിക്, മുൻ ഇന്ത്യൻ പേസർ ആർ.പി.സിങ് എന്നിവരടങ്ങുന്ന രണ്ടംഗ ക്രിക്കറ്റ് ഉപദേശക സമിതി (സിഎസി) ബുധനാഴ്ച ഏകകണ്ഠമായി ദ്രാവിഡിനെ നിയമിച്ചതായാണ് ബിസിസിഐ പത്രക്കുറിപ്പിൽ അറിയിച്ചത്.
ഇന്ത്യൻ ടീമിന്റെ പരിശീലകനാകുന്നത് വലിയ ബഹുമതിയാണെന്ന് ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ ദ്രാവിഡ് പറഞ്ഞു: “ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ഹെഡ് കോച്ചായി നിയമിക്കപ്പെടുക എന്നത് ഒരു തികഞ്ഞ ബഹുമതിയാണ്, ഈ അവസരത്തിനായി ഞാൻ കാത്തിരിക്കുകയാണ്. (സ്ഥാനമൊഴിയുന്ന മുഖ്യ പരിശീലകൻ) മിസ്റ്റർ (രവി) ശാസ്ത്രിയുടെ കീഴിൽ ടീം വളരെ നന്നായി കളിച്ചു, ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എൻസിഎ, അണ്ടർ 19, ഇന്ത്യ എ എന്നിവയിലുണ്ടായിരുന്ന മിക്ക കളിക്കാർക്കൊപ്പവും അടുത്ത് പ്രവർത്തിച്ചതിനാൽ, അവർക്ക് ഓരോ ദിവസവും മെച്ചപ്പെടാനുള്ള അഭിനിവേശവും ആഗ്രഹവും ഉണ്ടെന്ന് എനിക്കറിയാം. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ചില പ്രധാന മത്സരങ്ങളുണ്ട്, കളിക്കാരുമായും സപ്പോർട്ട് സ്റ്റാഫുകളുമായും ഒരുമിച്ചു പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്.
ഇന്ത്യൻ ക്രിക്കറ്റിന്റെ ബെഞ്ച് സ്ട്രെങ്ത് ഒരുക്കുന്നതിൽ ദ്രാവിഡ് നിർണായക പങ്കാണ് വഹിച്ചത്. വിരമിച്ച ശേഷം അണ്ടർ 19, ഇന്ത്യ എ കോച്ചായി അദ്ദേഹം ചുമതലയേറ്റു. ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ ദ്രാവിഡ് നേരത്തെ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ മാസം ദുബായ് സന്ദർശന വേളയിൽ ബിസിസിഐ ഭാരവാഹികൾ അദ്ദേഹത്തെ ചുമതലയേൽക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.
Also Read: ഇന്ത്യൻ ടീമിന്റെ മുഖ്യ പരീശീലകനായി രാഹുൽ ദ്രാവിഡിനെ നിയമിച്ചു
ഇന്ത്യ എ പരിശീലകനെന്ന നിലയിൽ, പുതിയ താരങ്ങളെ വാർത്തെടുക്കുന്ന കാര്യത്തിൽ ദ്രാവിഡ് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ”രാഹുൽ ദ്രാവിഡുമായി നടത്തിയ ചർച്ചകളിൽ നിന്നുമൊക്കെയാണ് മായങ്ക് അഗർവാൾ, ഹനുമ വിഹാരി തുടങ്ങിയ താരങ്ങൾ ടീമിലെത്തിയത്” എന്നാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പരമ്പരക്ക് ശേഷം ദ്രാവിഡിന്റെ പങ്കിനെക്കുറിച്ച് മുൻ സെലക്ടർ ജതിൻ പരഞ്ജ്പെ പറഞ്ഞത്.
വിരമിക്കലിന് ശേഷം ദ്രാവിഡ് കമന്ററിയിൽ ഒരു കൈ നോക്കിയിരുന്നുവെങ്കിലും അത് തനിക്ക് തൃപ്തികരമല്ലെന്ന് ഒരിക്കൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞിരുന്നു.
ഈ ഉത്തരവാദിത്തം ഏൽപ്പിക്കാൻ ദ്രാവിഡിനേക്കാൾ മികച്ച വ്യക്തിയില്ലെന്നാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞത്. “അടുത്ത രണ്ട് വർഷത്തിനുള്ളിൽ രണ്ട് ലോകകപ്പുകൾ നടക്കാനിരിക്കെ, തടസ്സങ്ങളില്ലാത്ത ഒരു മാറ്റം നടത്തേണ്ടത് പ്രധാനമാണ്, മുൻ ഇന്ത്യൻ ക്യാപ്റ്റൻ ആ ജോലിക്ക് യോജിച്ച ആളാണ്. എൻസിഎയ്ക്ക് ആവശ്യമായ ദിശാബോധം നൽകുകയും ഇന്ത്യ അണ്ടർ-19, ഇന്ത്യ എ ലെവലിലെ താരങ്ങളുടെ പുരോഗതിക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തതിനാൽ, ഒരു പരിശീലകനെന്ന നിലയിലേക്കുള്ള അദ്ദേഹത്തിന്റെ സ്വാഭാവികമായ പുരോഗതിയാണ് ഇതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അദ്ദേഹത്തിന് കീഴിൽ ഇന്ത്യൻ ടീം എല്ലാ ഫോർമാറ്റുകളിലും ആധിപത്യം സ്ഥാപിക്കുമെന്നതിൽ എനിക്ക് സംശയമില്ല.” ജയ് ഷാ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ ടീമിലെ മറ്റു സപ്പോർട്ട് സ്റ്റാഫുകൾക്കായി മറ്റൊരു അഭിമുഖം കൂടി ഇനി ഉണ്ടായിരിക്കും, അതിൽ നിന്നും പുതിയ ബാറ്റിങ്, ബോളിങ്, ഫീൽഡിങ് പരിശീലകരെ തിരഞ്ഞെടുക്കും. ഇപ്പോൾ മുഖ്യ പരിശീലകനായ ശാസ്ത്രി, ബോളിങ് കോച്ച് ഭരത് അരുൺ, ഫീൽഡിങ് കോച്ച് ആർ.ശ്രീധർ, ബാറ്റിങ് കോച്ച് വിക്രം റാത്തോർ എന്നിവരുടെ കാലാവധി ടി20 ലോകകപ്പിന് ശേഷം അവസാനിക്കും. അതിനാലാണ് പുതിയ പരിശീലകരെ തേടുന്നത്. ബാറ്റിങ് പരിശീലകനായി താൻ വീണ്ടും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് റാത്തോർ പറഞ്ഞു.