കായിക മത്സരങ്ങളിൽ ഫിറ്റ്നസിന് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾ പല ഫിറ്റ്നസ് ടെസ്റ്റുകളും വിജയിക്കേണ്ടതുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം ഇത്തരത്തിൽ ഫിറ്റ്നസിന് നൽകുന്ന പ്രാധാന്യം വലുതാണ്. ഇപ്പോഴിത ദേശീയ ടീമിന്റെ ഭാഗമായ താരങ്ങൾക്ക് പുതിയൊരു ടെസ്റ്റുകൂടി ഉൾപ്പെടുത്തുന്നു. 8.30 മിനിറ്റിൽ രണ്ട് കിലോമീറ്റർ ഓടിയെത്തണം.

ബിസിസിഐ കോൺട്രാക്ടുള്ള താരങ്ങൾക്കെല്ലാം ഈ ടെസ്റ്റ് നിർബന്ധമാണെന്നാണ് മനസിലാക്കുന്നത്. നിലവിലുള്ള യോ-യോ ടെസ്റ്റിന് പുറമെയാണ് രണ്ട് കിലോമീറ്റർ ഓട്ടം. “ഫിറ്റ്നസ് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുവരുന്നതിൽ നിലവിലെ ഫിറ്റ്നസ് സ്റ്റാൻഡേർഡ് വലിയ പങ്കുവഹിച്ചുവെന്ന് ബോർഡിന് തോന്നി. ടൈം ട്രയൽ വ്യായാമം ഇതിലും മികച്ച രീതിയിൽ മത്സരിക്കാൻ ഞങ്ങളെ സഹായിക്കും. ബോർഡ് എല്ലാ വർഷവും മാനദണ്ഡങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് തുടരും, ”ബിസിസിഐ ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Also Read: സ്റ്റോക്സും ആർച്ചറും മടങ്ങിയെത്തി; ഇന്ത്യയ്ക്ക് ഇംഗ്ലീഷ് പരീക്ഷ കഠിനമാകും

പുതിയ മാനദണ്ഡം പ്രകാരം ഒരു പേസർ ഫിറ്റ്നസ് തെളിയിക്കാൻ 8.15 മിനിറ്റിൽ രണ്ട് കിലോമീറ്റർ ദൂരം ഓടിയെത്തണം. ബാറ്റ്സ്മാന്മാർക്കും വിക്കറ്റ് കീപ്പർമാർക്കും സ്‌പിന്നർമാർക്കും ഇത് 8.30 മിനിറ്റായിരിക്കും. ഫെബ്രുവരി, ജൂൺ, ഓഗസ്റ്റ്/സെപ്റ്റംബർ എന്നിങ്ങനെ വർഷത്തിൽ മൂന്ന് തവണ ടെസ്റ്റ് നടത്തും.

ശാരീരികക്ഷമത, അത് നിലനിർത്താനുള്ള ശേഷി, വേഗം, തുടർച്ച, നഷ്ടപ്പെട്ട ശേഷി തിരിച്ചെടുക്കാനുള്ള സമയം തുടങ്ങി കായികമായ പല ശേഷികളും ഇതിലൂടെ അളക്കാൻ യോ യോ ടെസ്റ്റിലൂടെ കഴിയും. ക്രിക്കറ്റ് താരങ്ങൾക്ക് നേരത്തേ നടത്തിയിരുന്ന ബീപ് ടെസ്റ്റ് പരിഷ്‌കരിച്ചാണ് യോ യോ ടെസ്റ്റ് ആക്കിയത്.

Also Read: വാട്സന്റെ പകരക്കാരനാകാൻ ഉത്തപ്പ; ചെന്നൈ സൂപ്പർ കിങ്സിന്റെ കണക്കുകൂട്ടലുകൾ ഇങ്ങനെ

ഒരു ബീപ് ശബ്ദം പുറപ്പെടുവിച്ചാൽ വിക്കറ്റിൽനിന്ന് വിക്കറ്റിലേക്കുള്ള ദൂരം നിശ്ചിത സമയത്തിനകം ഓടണം. മറ്റൊരു ബീപ് ശബ്ദം കേൾക്കുമ്പോൾ നിൽക്കാം. ചെറിയ ഇടവേളയ്ക്കുശേഷം ബീപ് ആവർത്തിക്കും. അപ്പോൾ വീണ്ടും ഓടണം. ഈ ഇടവേളയുടെ ദൈർഘ്യം കുറച്ചുകൊണ്ടുവരുന്നതോടെ കളിക്കാരന്റെ വേഗം, സ്ഥിരത, സ്വാഭാവിക വേഗം കണ്ടെത്താൻ എടുക്കുന്ന സമയം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook