മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയതായിരുന്നു വനിതാ ടീമിന്റെ പരിശീലകന്‍ രമേശ് പവാറും മുതിര്‍ന്ന താരം മിതാലി രാജുമായുള്ള അഭിപ്രായ ഭിന്നതയും തുടര്‍ന്നുണ്ടായ സംഭവങ്ങളും. വിവാദങ്ങള്‍ക്കെല്ലാം അവസാനം കുറിച്ചു കൊണ്ട് പുതിയ പരിശീലകനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഡബ്ല്യൂവി രാമനെയാണ് പുതിയ പരിശീലകനായി തിരഞ്ഞെടുത്തത്.
രമേശ് പവാറിന്റെ കാലാവധി കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ബിസിസിഐ പുതിയ അപേക്ഷകള്‍ ക്ഷണിച്ചത്. അതേസമയം, തീരുമാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവുകയേയുള്ളൂ. നിയമനവുമായി ബന്ധപ്പെട്ട അവസാനഘട്ട ജോലികള്‍ നടക്കുകയാണ്.
പരിശീലക സ്ഥാനത്തേക്കുള്ള രാമന്റെ കടന്നു വരവ് അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ ദിവസം പുറത്ത് വന്ന അന്തിമ പട്ടികയില്‍ രാമന്റെ പേരുണ്ടായിരുന്നുവെങ്കിലും പ്രാധാന്യം കല്‍പ്പിച്ചിരുന്നില്ല. മുന്‍ പരിശീലകന്‍ രമേശ് പവാര്‍, പുരുഷ ടീമിന് ലോകകപ്പ് നേടിക്കൊടുത്ത ഗാരി കിര്‍സ്റ്റന്‍, ഹര്‍ഷല്‍ ഗിബ്സ് എന്നിവരുടെ പേരുകളായിരുന്നു അവസാന ഘട്ടത്തില്‍ ഉയര്‍ന്നു കേട്ടത്.
ക്രിക്കറ്റ് അക്കാദമിയുമായി ബന്ധപ്പെട്ട് സജീവമായി ഫീല്‍ഡിലുള്ളയാളാണ് മുന്‍ ഓപ്പണര്‍ കൂടിയായ രാമന്‍. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ബാറ്റിങ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 28 ക്രിക്കറ്റ് താരങ്ങളാണ് ഇന്ത്യന്‍ വനിതാടീമിനെ പരിശീലിപ്പിക്കാന്‍ അപേക്ഷ നല്‍കിയത്. കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ബിസിസിഐ നിയോഗിച്ച കമ്മിറ്റി പത്തുപേരെയാണ് അഭിമുഖം നടത്തിയത്.