ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ പതിപ്പിൽ ഹൈദരാബാദിൽ നിന്നുള്ള പുതിയ ക്ലബ്ബ് എത്തിയേക്കും. പിരിച്ചുവിടുന്ന എഫ്സി പൂനെ സിറ്റിക്ക് പകരമായിരിക്കും പുതിയ ക്ലബ്ബ് എത്തുകയെന്ന് ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് വാദ്ധാവൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പൂനെ ഫ്രാഞ്ചൈസി പ്രവർത്തനം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഹൈദരാബാദിൽ നിന്നുള്ള പുതിയ ഫ്രാഞ്ചൈസിക്ക് ഐഎസ്എൽ പങ്കാളിത്ത അവകാശം കൈമാറാൻ ധാരണയായത്.
നേരത്തെ പൂനെ സിറ്റിയെ ഹൈദരാബാദ് ഫ്രാഞ്ചൈസി ഏറ്റെടുക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ട്രാൻസഫർ വിലക്ക് മറികടക്കാൻ പൂർണമായും പുതിയ ക്ലബ്ബിനെ അവതരിപ്പിക്കുകയാണ് ഹൈദരാബാദ് ഫ്രാഞ്ചൈസി. തെലുങ്ക് വ്യവസായി വിജയ് മധുരിയും കേരള ബ്ലാസ്റ്റേഴ്സ് മുന്‍ സിഇഒ വരുണ്‍ ത്രിപുരനേനിയുമാണ് ടീം ഉടമകള്‍. ഹൈദരാബാദിലെ ഗച്ചബൗളി സ്റ്റേഡിയമായിരിക്കും പുതിയ ടീമിന്റെ ഹോം ഗ്രൗണ്ടാകാന്‍ സാധ്യതയെന്നും ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ സിഇഒ ആയിരുന്ന വരുണ്‍ ത്രിപുരനേനി കഴിഞ്ഞ സീസണിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ക്ലബ്ബ് വിടുകയായിരുന്നു. നേരത്തെ ചെന്നൈയ്ൻ എഫ്സിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.
ട്രാൻസഫർ വിലക്ക് മറികടക്കാനാണ് പ്രധാനമായും പുതിയ ക്ലബ്ബായി ഹൈദരാബാദ് പ്രവർത്തനം ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ മികച്ച താരങ്ങൾ പുതിയ സീസണിന് മുന്നോടിയായി തന്നെ ക്ലബ്ബിലെത്തുമെന്ന് പ്രതീക്ഷിക്കാം. അതേസമയം പുതിയ ക്ലബ്ബ് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. പുതിയ പേരും ലോഗോയുമൊക്കെയായി ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റം കുറിക്കുകയും ക്ലബ്ബിന്റെയും ലക്ഷ്യം.