മുന്‍ നായകന്‍ എം.എസ്.ധോണിയുടെ വിരമിക്കലിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍ക്ക് മറുപടിയുമായി ഓസീസ് ഇതിഹാസ താരം മൈക്ക് ഹസി. ഇംഗ്ലണ്ടിനെതിരെ രണ്ട് ഇന്നിങ്സില്‍ വേഗത കുറഞ്ഞെന്ന് കരുതി ധോണിയെ എഴുതിത്തള്ളാനാകില്ലെന്നായിരുന്നു ഹസിയുടെ പ്രതികരണം.

‘വെറും രണ്ട് ഇന്നിങ്സല്ലേ ആയുള്ളൂ. എംഎസ് എങ്ങനെയാണ് കളിക്കുന്നത് അറിയാമല്ലോ? കുറച്ച് സമയമെടുത്ത് തന്നെയാണ് അയാള്‍ കളിക്കാറ്. അവസാനം കത്തിക്കയറാന്‍ ധോണിയ്ക്ക് സാധിക്കും. അതുകൊണ്ട് ഞാനത് കാര്യമാക്കില്ല. മഹാനായ താരമാണ്. ആ അനുഭവ സമ്പത്ത് അടുത്ത ലോകകപ്പില്‍ ടീമിന് നിര്‍ണ്ണായകമായിരിക്കും” ഹസി പറയുന്നു.

ധോണിയുടെ കീപ്പിങ് സ്‌കില്ലുകളും ഇന്നിങ്സ് ഫിനിഷ് ചെയ്യാനുള്ള കഴിവും പരിഗണിച്ചാല്‍ അദ്ദേഹത്തെ എഴുതിത്തള്ളാനാകില്ലെന്നും ഹസി അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിനെതിരെ രണ്ട് ഏകദിനങ്ങളിലായി 37,42 എന്നിങ്ങനെയായിരുന്നു ധോണിയുടെ സ്‌കോര്‍. വേഗതയില്ലാത്ത ഇന്നിങ്സിനെതിരെ ഇന്ത്യന്‍ ആരാധകര്‍ പോലും രംഗത്തെത്തിയിരുന്നു. കളിക്കിടെ ആരാധകര്‍ ധോണിയ്‌ക്കെതിരെ കൂവി വിളിക്കുക വരെയുണ്ടായി. ഇതിനു പിന്നാലെ താരത്തെ അനുകൂലിച്ചും എതിര്‍ത്തും ക്രിക്കറ്റ് ലോകം രംഗത്ത് വരികയായിരുന്നു.

ഏകദിന പരമ്പര അവസാനിച്ചതോടെ ധോണി ഉടനെ തന്നെ വിരമിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. കളിക്ക് ശേഷം താരം അമ്പയറില്‍ നിന്നും പന്ത് ചോദിച്ച് വാങ്ങിയതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. എന്നാല്‍ ഇതിനെ കുറിച്ച് ഇതുവരേയും ധോണിയുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നുമുണ്ടായിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook