ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ ഓരോ വിക്കറ്റും നിര്‍ണായകമാണ്. അത് ലഭിക്കാനായി വലിയ രീതിയിലുള്ള ശ്രമവും ആവശ്യമാണല്ലോ. വിക്കറ്റ് കിട്ടാത്തതിന്റെ പേരില്‍ കളിക്കാര്‍ക്ക് അമര്‍ഷം ഉണ്ടാകുന്ന പല സാഹചര്യങ്ങളും മൈതാനത്തുണ്ടായിട്ടുണ്ട്. എന്നാല്‍ അനായാസം ലഭിക്കേണ്ടിയിരുന്ന വിക്കറ്റ് എടുക്കാന്‍ തയാറാകാത്ത നേപ്പാള്‍ കീപ്പര്‍ ആസിഫ് ഷെയ്ഖിന് കൈയ്യടിക്കുകയണ് ക്രിക്കറ്റ് ലോകം.
അയര്‍ലന്‍ഡിനെതിരായ ട്വന്റി-20 മത്സരത്തിനിടെ 19-ാം ഓവറിലാണ് സംഭവം. കമല്‍ സിങ്ങായിരുന്നു ബോളര്‍. അയര്‍ലന്‍ഡിന്റെ മാര്‍ക്ക് അഡയര്‍ ഷോട്ടിന് ശ്രമിച്ചെങ്കിലും പിഴച്ചു. എന്നാല്‍ റണ്ണെടുക്കാനുള്ള ശ്രമത്തിനിടെ നോണ്‍ സ്ട്രൈക്കര്‍ ആന്‍ഡി മക്ബ്രൈന് കമല്‍ സിങ്ങിനെ ഇടിച്ച് നിലത്തു വീണു. ക്രീസിന്റെ പകുതിയോളം മാത്രമായിരുന്നു ആന്‍ഡി ഓടിയെത്തിയിരുന്നത്.
പന്ത് അതിവേഗം കൈപ്പിടിയിലാക്കിയ കമല്‍ സിങ് വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്ഖിന് പന്ത് കൈമാറി. ആന്‍ഡിയെ റണ്ണൗട്ടാക്കാനുള്ള സുവാര്‍ണാവസരം ഉണ്ടായിട്ടും ആസിഫ് അത് ഒഴിവാക്കി. കമല്‍ സിങ്ങുമായി കൂട്ടിയിടിച്ചതിനാലായിരുന്നു ആന്‍ഡിയ്ക്ക് ക്രീസില്‍ എത്താന്‍ കഴിയാതെ പോയത്. 11 റണ്‍സായിരുന്നു ആന്‍ഡി മത്സരത്തില്‍ നേടിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ 127 റണ്‍സിന് പുറത്തായി. 28 റണ്‍സ് നേടിയ ജോര്‍ജ് ഡോക്റലായിരുന്നു ടോപ് സ്കോറര്‍. കര്‍ട്ടിസ് കാംഫര്‍ (20), ആന്‍ഡി ബാള്ബിറിന് (19), ലോര്‍കാന്‍ ടക്കര്‍ (15) എന്നിവരാണ് മറ്റ് പ്രധാനപ്പെട്ട സ്കോറര്‍മാര്‍. 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ ദിപേന്ദ്ര സിങ് അയ്രെയാണ് നേപ്പാളിനായി തിളങ്ങിയത്. മറുപടി ബാറ്റിങ്ങില്‍ നേപ്പാളിന്റെ പോരാട്ടം 111 ല്‍ അവസാനിച്ചു.
Also Read: ഇനി കുട്ടിക്രിക്കറ്റ്; ഇന്ത്യ-വിന്‍ഡീസ് ട്വന്റി 20 പരമ്പരയ്ക്ക് നാളെ തുടക്കം