ടോക്കിയോ ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് നീരജ് ചോപ്ര. മറ്റെല്ലാ മക്കളെ പോലെയും തന്റെ അച്ഛനമ്മമാരെ അഭിമാനം കൊള്ളിക്കുക, സന്തോഷിപ്പിക്കുക എന്നതാണ് നീരജിന്റെയും ആഗ്രഹം. അവരുടെ ഒരു ആഗ്രഹം സഫലമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നീരജിപ്പോൾ.
അച്ഛന്റെയും അമ്മയുടെയും ആദ്യ വിമാനയാത്ര എന്ന സ്വപ്നം സഫലീകരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് നീരജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. “ഒരു ചെറിയ സ്വപ്നം ഇന്ന് യാഥാർത്ഥ്യമായി, എന്റെ മാതാപിതാക്കളെ അവരുടെ ആദ്യ വിമാനയാത്രക്ക് കൊണ്ടുപോകാൻ കഴിഞ്ഞു,” എന്ന് കുറിച്ചുകൊണ്ടാണ് അച്ഛനും അമ്മയ്ക്കും ഒപ്പം വിമാനത്തിൽ യാത്ര ചെയ്യുന്ന ചിത്രം നീരജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
Also read: മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ക്രിസ്റ്റ്യാനോയുടെ രണ്ടാം അരങ്ങേറ്റം ഇന്ന്
കഴിഞ്ഞ മാസം താൻ കുറച്ചു നാളത്തേക്ക് അവധി എടുക്കാൻ തീരുമാനിച്ചതായി നീരജ് ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു. 2022ൽ ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസും ആകുമ്പോൾ താൻ തിരിച്ചെത്തുമെന്നാണ് നീരജ് പറഞ്ഞത്.
ടോക്കിയോ ഒളിംപിക്സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ രണ്ടാം ശ്രമത്തിൽ 87.58 മീറ്റർ ദൂരം എറിഞ്ഞ് തന്റെ വ്യക്തിഗത റെക്കോർഡ് മെച്ചപ്പെടുത്തി കൊണ്ടായിരുന്നു നീരജിന്റെ സ്വർണ നേട്ടം.