പോച്ചെഫ്സ്ട്രൂം: ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ സജീവമാക്കി ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് യോഗ്യത. ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്സ്ട്രൂമിൽ നടക്കുന്ന അത്‍ലറ്റിക്സ് സെൻട്രൽ നോർത്ത് ഈസ്റ്റ് മീറ്റിൽ 87.86 മീറ്റർ ദൂരത്തേക്ക് ജാവലിൻ എത്തിച്ചാണ് നീരജ് ഒളിംപിക്സ് യോഗ്യത ഉറപ്പിച്ചത്. മീറ്റിൽ സ്വർണവും നീരജിനാണ്.
പരുക്കിൽനിന്ന് മുക്തനായി തിരിച്ചെത്തിയ നീരജ് പങ്കെടുത്ത ആദ്യ ഈവന്റിലൂടെ തന്നെ ഒളിംപിക്സ് യോഗ്യത ഉറപ്പിക്കുകയായിരുന്നു. കൈമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് കുറച്ച് നാളായി കളിക്കളത്തിൽനിന്ന് വിട്ടു നിന്ന നീരജ് ജാവലിൻ ത്രോയിൽ ദേശീയ റെക്കോർഡിന് ഉടമയാണ്. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലായിരുന്നു 88.06 മീറ്റർ ദൂരം കണ്ടെത്തി ദേശീയ റെക്കോർഡോടെ നീരജ് സ്വർണം നേടിയത്.
ഇത്തവണ നാല് ശ്രമത്തിലും നീരജ് ആധിപത്യം തുടർന്നു. ആദ്യ ശ്രമത്തിൽത്തന്നെ 81.63 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് നീരജ് ചോപ്ര തുടങ്ങിയത്. രണ്ടാം ശ്രമത്തിൽ 82 മീറ്ററും മൂന്നാം ശ്രമത്തിൽ 82.57 മീറ്ററും പിന്നിട്ടു. നാലാം ശ്രമത്തിലാണ് ഒളിംപിക്സ് യോഗ്യതാ മാർക്ക് പിന്നിട്ടത്.
പുരുഷ വിഭാഗത്തിൽ 85 മീറ്ററാണ് ഒളിംപിക്സ് യോഗ്യതയ്ക്ക് എറിയേണ്ടത്. ഇന്ത്യയുടെ തന്നെ രോഹിത് യാദവ് 77.61 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തി. മത്സരിച്ചവരിൽ മറ്റാർക്കും 70 മീറ്റർ പോലും പിന്നിടാനായില്ല.