Tokyo 2020: ഒരു സെക്കൻഡിന്റെ ചെറിയ ഒരംശം സമയത്തിന് മിൽഖാ സിങ്ങിന് ഒളിംപിക്സ് സ്വർണം നഷ്ടപ്പെട്ടത് അര നൂറ്റാണ്ട് മൂൻപാണ്. 37 വർഷങ്ങൾക്ക് മുൻപാണ് പി ടി ഉഷയ്ക്ക് ഫിനിഷ് ലൈനിൽ തൊടാൻ മറന്നതിന്റെ ഫലമായി നാലാം സ്ഥാനം നേടി വേദനയോടെ ഒളിംപിക്സിൽ നിന്ന് മടങ്ങേണ്ടി വന്നത്. ഹൃദയഭേദകമായ ഈ നഷ്ടങ്ങൾക്കൊടുവിൽ പതിറ്റാണ്ടുകൾക്ക് ശേഷം നീരജ് ചോപ്രയിലൂടെ ആദ്യമായി അത്ലറ്റിക് ഇനത്തിൽ മെഡൽ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ ആദ്യ അത്ലറ്റിക് മെഡലായി മാറിയിരിക്കുകയാണ് നീരജ് ചോപ്രയുടെ സ്വർണമെഡൽ.
റൺവേയിലെ ചോപ്രയുടെ വേഗത, വിശാലമായ ബ്ലോക്ക്, എറിയുന്ന കൈയുടെ നീണ്ട ചലനം, കുന്തത്തിന്റെ അത്ഭുതകരമായ വിന്യാസം, ചലനങ്ങളും സന്തുലിതാവസ്ഥയും ഇതെല്ലാം ഒളിമ്പിക് സ്റ്റേഡിയത്തിൽ ഒന്നാമനാവാൻ നീരജിനെ സഹായിച്ചു.
87.58 മീറ്റര്‍ ദൂരം പായിച്ചാണ് ഹരിയാന സ്വദേശിയായ ഇരുപത്തി മൂന്നുകാരനായ നീരജ് ചോപ്ര പുരുഷ ജാവലിനിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ചെക്ക് താരങ്ങളായ യാക്കുബ് വാഡ്ലിച്ച് 86.67 മീറ്റര്‍ എറിഞ്ഞ് വെള്ളിയും വിറ്റെസ്ലാവ് വെസ്ലി 85.44 മീറ്റര്‍ എറിഞ്ഞ് വെങ്കലവും നേടി.
രണ്ടാം ശ്രമത്തിലെ 87.58 ദൂരമാണ് താരത്തെ സ്വർണം നേടാൻ സഹായിച്ചത്. മൂന്ന് റൗണ്ടുകളുള്ള ഫൈനലിൽ അവസാന റൗണ്ടിൽ 76.79 മീറ്റർ ദൂരം മാത്രമാണ് നീരജ് കണ്ടെത്തിയതെങ്കിലും രണ്ടാം റൗണ്ടിലെ മികച്ച ദൂരം ഒന്നാംസ്ഥാനം നേടിക്കൊടുക്കുകയായിരുന്നു.
ഫൈനലിൽ ആദ്യ ശ്രമത്തില്‍ തന്നെ മികച്ച ദൂരം കണ്ടെത്തിയ നീരജ് രണ്ടാം ശ്രമത്തിൽ നില കൂടുതൽ മെച്ചപ്പെടുത്തുകയായിരുന്നു. ആദ്യ ശ്രമത്തിൽ 87.03 മീറ്റര്‍ ദൂരമാണ് താരത്തിന് കണ്ടെത്താനായത്. ആദ്യ റൗണ്ടിലും താരം ഒന്നാമതെത്തുകയും ചെയ്തു.
പ്രാഥമിക റൗണ്ടില്‍ 86.65 മീറ്റര്‍ ദൂരം കണ്ടെത്തി മികച്ച പ്രകടനം നടത്തിയാണ് നീരജിന്റെ ഫൈനൽ പ്രവേശനം. ഒളിമ്പിക്സ് ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തിയ ആദ്യ ഇന്ത്യൻ താരം എന്ന റെക്കോഡും നീരജ് അന്ന് സ്വന്തമാക്കിയിരുന്നു.
ടോക്ക്യോ ഒളിമ്പിക്സിൽ വെയ്റ്റ് ലിഫ്റ്റിംഗ്, ബോക്സിംഗ്, ബാഡ്മിന്റൺ, ഗുസ്തി, ഹോക്കി എന്നിവയിൽ ആവേശകരമായ നേട്ടങ്ങളുണ്ടായിരുന്നു. എന്നാൽ അതിനുമപ്പുറം ചരിത്രം തിരുത്തിക്കുറിച്ച നേട്ടമാണ് പാനിപത്തിലെ ഖന്ദ്ര ഗ്രമാത്തിൽ നിന്നുള്ള നീരജ് കുറിച്ചത്. ഒളിംപിക്സിൽ ഇന്ത്യയുടെ വർഷങ്ങൾ നീണ്ട നഷ്ടങ്ങൾക്ക് അറുതി വരുത്താൻ നീരജിന്റെ നേട്ടത്തിന് കഴിഞ്ഞു.
Read More: ‘ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു; ‘ നീരജിനെ അഭിനന്ദിച്ച് താരങ്ങൾ
സ്വാതന്ത്ര്യം ലഭിച്ച് 74 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ആദ്യമായി ഒളിംപിക്സിൽ അത്ലറ്റിക്സ് ഇനങ്ങളിലൊന്നിൽ ഒരു മെഡൽ നേടുന്നത്. മിൽഖ സിങ്ങും പിടി ഉഷയുമെല്ലാം ഇന്ത്യൻ അത്ലറ്റിക്സിലെ മഹത്തായ പേരുകളായി നിലനിൽക്കുന്നു. പുതിയ ലതലമുറകൾക്ക് പ്രചോദനമാവാനും അവർക്ക് കഴിഞ്ഞു. എന്നാൽ ടോക്കിയോയിലെ ഫീൽഡിൽ ഒരു വമ്പൻ എറിയൽ കൊണ്ട് ചോപ്ര ഇന്ത്യൻ കായികരംഗത്തെ പുതിയ ഉയരങ്ങളിലെത്തിച്ചു.
ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ മെഡലുകളുടെ മികച്ച നേട്ടം ഉണ്ടായിരുന്നിട്ടും, ഇന്ത്യയിലെ ഏറ്റവും മികച്ച അത്ലറ്റുകൾക്ക് പോലും ഒളിമ്പിക്സ് മെഡൽ നേട്ടം അപ്രാപ്യമായി തോന്നിയിരുന്നു. എന്നാൽ ഈ ശനിയാഴ്ച വൈകുന്നേരത്തോടെ ആ തോന്നലിന് അവസാനം വന്നിരിക്കുന്നു.
അഞ്ച് വർഷങ്ങൾക്ക് മുമ്പ് ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ താരം കൂടിയാണ് ചോപ്ര. കുട്ടിക്കാലത്ത്, അമിതഭാരമുള്ളതിനാൽ അദ്ദേഹത്തെ മറ്റു കുട്ടികൾ ‘സർപാഞ്ച്’ എന്ന് വിളിച്ചുകൊണ്ട് കളിയാക്കിയിരുന്നു കളിയാക്കിയിരുന്നു.
ജാവലിൻ എങ്ങനെ എറിയാം എന്നതിനെക്കുറിച്ചുള്ള ആദ്യകാല പാഠങ്ങൾ നീരജിന് ലഭിച്ചത് യൂറ്റ്യൂബ് വീജിയോകളിലൂടെയായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ശരീര ചലനങ്ങളും സാങ്കേതികതയുമാണ് ജാവലിൻ ത്രോയിൽ താൽപര്യമുള്ള നൂറുകണക്കിന് പേർ പകർത്താൻ ശ്രമിക്കുന്നത്.