ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്സിലെ ജാവലിൻ ത്രോ സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയുടെ പരിശീലകൻ ആയിരുന്ന യുവേ ഹോണിനെ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) പുറത്താക്കി. 2017ലാണ് ഹോൺ നീരജിന്റെ പരിശീലകനായത്. 2018ലെ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും നീരജ് സ്വർണം നേടിയപ്പോൾ പരിശീലകനായിരുന്ന ഹോണിനെ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ ദേശിയ ജാവലിൻ കോച്ചായി നിയോഗിച്ചിരുന്നു.
രണ്ടു ദിവസത്തെ എക്സിക്യുട്ടീവ് കൗൺസിൽ മീറ്റിങ്ങിന് ശേഷം എഎഫ്ഐ പ്രസിഡന്റ് ആദില്ലെ സുമരിവല്ലയാണ് പരിശീലകനെ മടക്കി അയച്ചതായി അറിയിച്ചത്. ഹോണിന്റെ പ്രകടനം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പുതിയ രണ്ടു പരിശീലകരെ നിയമിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ജാവലിൻ ത്രോയിൽ 100 മീറ്റർ ദൂരം എറിഞ്ഞതിന്റെ റെക്കോർഡുളള ഏക താരമായിരുന്നു 59-കാരനായ ഹോൺ.
ടോക്കിയോ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് ചോപ്ര, ശിവ്പാൽ സിംഗ്, അന്നു റാണി എന്നിവരുൾപ്പെടെ ജാവലിൻ ത്രോ താരങ്ങൾ ഹോണിനൊപ്പം പരിശീലിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞതായി എഎഫ്ഐ ആസൂത്രണ കമ്മീഷൻ മേധാവി ലളിത കെ.ഭാനോട്ട് പറഞ്ഞു. അതേസമയം, ബയോമെക്കാനിക്കൽ വിദഗ്ധനായ ക്ലോസ് ബാർട്ടോണിയറ്റ്സ് തുടരുമെന്ന് അദ്ദേഹം വ്യകത്മാക്കി. നല്ല കോച്ചിനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഷോട്ട്പുട്ട് താരം തജീന്ദർ പാൽ സിങ് ടൂറിന് വേണ്ടിയും പുതിയ പരിശീലകനെ തിരയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Also read: ഇത് സ്വപ്ന സാക്ഷാത്കാരം; അച്ഛന്റെയും അമ്മയുടെയും ആദ്യ വിമാനയാത്രയുടെ ചിത്രങ്ങളുമായി നീരജ് ചോപ്ര
ഒളിംപിക്സിൽ ബാർട്ടോണിയറ്റ്സിനോടൊപ്പമാണ് നീരജ് പരിശീലനം നടത്തിയതെങ്കിലും സ്വർണമെഡൽ നേട്ടത്തിന് ശേഷം ഹോണിന്റെ ഒപ്പമുള്ള പരിശീലനം തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് നീരജ് പറഞ്ഞിരുന്നു.
ജൂണിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്)യോടൊപ്പവും എഎഫ്ഐയുടെ ഒപ്പവും പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഹോൺ പറഞ്ഞിരുന്നു. ഇന്ത്യയുടെ ഒളിമ്പിക് തയ്യാറെടുപ്പുകളെയും അദ്ദേഹം വിമർശിച്ചിരുന്നു.