കൊളംബോ: ലങ്കൻ പര്യടനത്തിലെ നാലാം ഏകദിനം ഇന്ന് കൊളംബോയിൽ നടക്കും. ആദ്യ 3 മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. മഹേന്ദ്ര സിങ്ങ് ധോണിയുടെ മുന്നൂറാം മത്സരം എന്ന പ്രത്യേകതയുള്ള മത്സരമാണ് ഇന്നത്തേത്. ശാർദ്ദൂൽ ഠാക്കൂർ, മനീഷ് പാണ്ഡെ തുടങ്ങിയ താരങ്ങൾക്ക് ഇന്നത്തെ മത്സരത്തിൽ അവസരം ലഭിച്ചേക്കും.

3 മത്സരങ്ങളും തോറ്റ ലങ്കയ്ക് മാനം കാക്കാനുള്ള അവസരമാണ് ഇന്നത്തേത്. കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ ചമര കപുഗദരെ ഇന്ന് കളിക്കില്ല. കുറഞ്ഞ ഓവർ നിരക്കിന് വിലക്ക് നേരിടുന്ന ഉപുൽ തരംഗയും ലങ്കൻ നിരയിൽ ഇന്ന് ഉണ്ടാവില്ല. ലസിത് മലിങ്കയായിരിക്കും ഇന്ന് ലങ്കയെ നയിക്കുക.

മുന്നൂറാം ഏകദിന മത്സരത്തിനായി ഇറങ്ങുന്ന ധോണിയെക്കാത്ത് 2 ലോകറെക്കോർഡുകളാണ് ഉള്ളത്. ഏകദിനത്തിലെ ഏറ്റവും കൂടുതല്‍ സ്റ്റംപിങ് നടത്തിയ വിക്കറ്റ് കീപ്പറെന്ന സ്ഥാനം നിലവില്‍ കുമാര്‍ സംഗക്കാരക്കൊപ്പം പങ്കുവെക്കുകയാണ് ധോണി. നിലവില്‍ ഇരുവര്‍ക്കും 99 സ്റ്റംപിങ്ങുകളാണുള്ളത്. ഒരു സ്റ്റംപിങ് കൂടി നടത്തിയാല്‍ ധോണി ഈ റെക്കോർഡ് സ്വന്തം പേരിലേക്ക് മാറ്റിയെഴുതും. അങ്ങനെ സംഭവിച്ചാല്‍ ഏകദിനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാകും ഒരു കീപ്പർ മൂന്നക്കം തികയ്ക്കുന്നത്.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഇന്നിങ്സുകളില്‍ പുറത്താകാതെ നിന്ന റെക്കോർഡും ധോണിയുടെ പേരിലാകാനായി കാത്തിരിക്കുന്നുണ്ട്. ഇതുവരെ 72 മത്സരങ്ങളില്‍ ധോണിയെ പുറത്താക്കാനായിട്ടില്ല. ചാമിന്ദവാസിനും ഷോണ്‍ പൊള്ളോക്കിനുമൊപ്പം ഈ റെക്കോർഡും ധോണി പങ്കിടുകയാണ്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇതുവരെ ധോണി പുറത്തായിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ