അഞ്ച് തവണ ബാലന്‍ ഡി ഓര്‍, ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം എന്ന റെക്കോര്‍ഡ്, ഫിഫ ക്ലബ് ലോകകപ്പില്‍ ഒന്നിലേറെ തവണ ഗോള്‍ഡന്‍ ബോള്‍ നേടിയ ഒരേയൊരു താരം.. ലയണല്‍ മെസി എന്നത് ഫുട്ബോളിലെ ഒരു അത്ഭുതമാണ്. ആ അത്ഭുതം മനുഷ്യന്‍ തന്നെയോ എന്നാണ് ഇറാന്‍ ദേശീയ ടീമിന്‍റെ കോച്ചായ കാര്‍ലോസ് ക്വിറോസ് പങ്കുവച്ച സംശയവും.
മനുഷ്യനാണ് എന്ന് തെളിയുന്നത് വരെ അദ്ദേഹത്തിനെ ഫുട്ബാള്‍ കളിക്കുന്നതില്‍ നിന്നും വിലക്കണം എന്നാണ് മുന്‍ റയല്‍ മാഡ്രിഡ് മാനേജര്‍ കൂടിയായ ക്വിറോസ് പറഞ്ഞത്.
കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ 90 മിനിറ്റ് വരെ അര്‍ജന്റീനയെ 0-0 എന്ന സ്കോറില്‍ തളച്ച ടീമാണ് ക്വിറോസിന്‍റെ ഇറാന്‍. ഇഞ്ചുറി ടൈമില്‍ മെസി കണ്ടെത്തിയ ഗോളിലാണ് ഇറാന്‍ തോല്‍വി അറിയുന്നത്.
(2014ലെ ലോകകപ്പില്‍ ഇറാനെതിരെ മെസി നേടിയ ഗോള്‍)
“എനിക്ക് സാധാരണയായി തോല്‍ക്കാന്‍ ഇഷ്ടമല്ല. പക്ഷെ തോല്‍വി നല്‍കുന്ന നെഗറ്റിവിറ്റി ഞാനന്ന് അനുഭവിച്ചില്ല. അതിലൊരു മാന്ത്രികതയുണ്ടായിരുന്നു. ഫുട്ബോള്‍ ഇങ്ങനെ തന്നെ തുടരും എന്നും അതുകൊണ്ടാണ് ഇത് ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്സ് ആവുന്നത് എന്നുമുള്ള തോന്നല്‍. അതിലും പ്രത്യേകതയുള്ള നിമിഷം എന്താണ് എന്ന് അറിയുമോ? മനുഷ്യനാണ് എന്ന് കണ്ടെത്തും വരെ ഫിഫ വിലക്കേണ്ടതായ ഒരു കളിക്കാരനില്‍ നിന്നാണ് അത് വന്നത് എന്നാണ് !” പോര്‍ച്ചുഗീസുകാരനായ മാനേജര്‍ പറഞ്ഞു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അസിസ്റ്റന്‍റ് കോച്ച് കൂടിയായിരുന്ന ക്വിറോസ് പോര്‍ച്ചുഗല്‍ കോച്ചായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.