ഡര്‍ബന്‍: ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മൽസരം വിവാദങ്ങളില്ലാതെ കടന്നു പോകില്ലെന്ന് തോന്നുന്നു. വിവാദങ്ങളുടെ പരമ്പരകളാണ് ആദ്യ ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് കണ്ടത്. 118 റണ്‍സിന് ആദ്യ ടെസ്റ്റ് വിജയിച്ചെങ്കിലും വിവാദത്തിന്റെ നാണക്കേടുമായാണ് ഓസ്‌ട്രേലിയ കളിയവസാനിപ്പിച്ചത്.
ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്സിന്റെ ദേഹത്ത് പന്തുകൊണ്ട് എറിഞ്ഞ് വിക്കറ്റ് നേട്ടം ആഘോഷിച്ച ഓസീസ് ബോളര്‍ നഥാന്‍ ലിയോണാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. വിവാദത്തിന് പിന്നാലെ താരത്തിനെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടുണ്ട്.
കളിയുടെ രണ്ടാം ഇന്നിങ്സിലായിരുന്നു സംഭവം. ഓസീസ് ഉയര്‍ത്തിയ 417ന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുകയായിരുന്നു ദക്ഷിണാഫ്രിക്ക. ഹാഷിം അംല പുറത്തായതിന് പിന്നാലെയാണ് ഡിവില്ലിയേഴ്‌സ് ക്രീസിലെത്തിയത്. താരത്തിന്റെ പ്രകനടത്തിലായിരുന്നു പോര്‍ട്ടീസിന്റെ പ്രതീക്ഷ മുഴുവന്‍. എന്നാല്‍ എല്ലാ പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് തൊട്ടടുത്ത ഓവറില്‍ തന്നെ ഡിവില്ലിയേഴ്‌സ് റണ്ണൗട്ടാവുകയായിരുന്നു.
ഓസീസ് വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ ഫീല്‍ഡിങ് മികവാണ് ദക്ഷിണാഫ്രിക്കന്‍ താരത്തെ പുറത്താക്കിയത്. ഡിവില്ലിയേഴ്‌സും മാർക്രവും തമ്മിലുള്ള ആശയക്കുഴപ്പത്തെ ഓസീസ് ടീം മുതലെടുക്കുകയായിരുന്നു. പന്ത് കൈപ്പിടിയിലൊതുക്കിയ വാര്‍ണര്‍ നഥാന്റെ കയ്യിലേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. ഇതിനിടെ ക്രീസിലേക്ക് കയറാനുള്ള ശ്രമം പരാജയപ്പെട്ട് ഡിവില്ലിയേഴ്‌സ് നിലത്ത് വീഴുകയും ചെയ്തു.
മുട്ടിലിഴഞ്ഞ് ഡിവില്ലിയേഴ്‌സ് ക്രീസിലെത്തുമ്പോഴേക്കും ലിയോണ്‍ സ്റ്റംപ് ചെയ്ത് കഴിഞ്ഞിരുന്നു. പിന്നാലെയായിരുന്നു വിവാദമായ സംഭവം അരങ്ങേറിയത്. വിക്കറ്റെടുത്തതിന്റെ ആവേശത്തില്‍ ലിയോണ്‍ പന്ത് നിലത്ത് വീണ് കിടക്കുകയായിരുന്ന ഡിവില്ലിയേഴ്‌സിന്റെ നെഞ്ചത്തേക്ക് ഇട്ടുകൊണ്ട് ടീമംഗങ്ങള്‍ക്ക് അരികിലേക്ക് ഓടുകയായിരുന്നു.
മനഃപൂര്‍വ്വം അപമാനിക്കാന്‍ ചെയ്തതല്ലെങ്കില്‍ കൂടി സംഭവം ലിയോണിനെ കുടുക്കിയിരിക്കുകയാണ്. താരത്തില്‍ നിന്നും പിഴ ഈടാക്കാന്‍ മാച്ച് റഫറി തീരുമാനിക്കുകയായിരുന്നു. തീരുമാനം ലിയോണ്‍ അംഗീകരിക്കുകയും ചെയ്തു. പിന്നാലെ ഡിവില്ലിയേഴ്‌സിനോട് മാപ്പ് ചോദിക്കുകയും ചെയ്തു.
അതേസമയം, മൽസരത്തിന് ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ ഓസീസ് താരം ഡേവിഡ് വാര്‍ണറും പോര്‍ട്ടീസ് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കും തമ്മില്‍ ഉരസിയതും വിവാദമായിരിക്കുകയാണ്. ഐസിസി സംഭവം അന്വേഷിച്ച് വരികയാണ്. രണ്ടു പേര്‍ക്കെതിരെയും അച്ചടക്ക നടപടിയ്ക്ക് സാധ്യതയുണ്ട്.
Pure cheek from Nathan Lyon #SAvAUS pic.twitter.com/vhuM4tgOHQ
— Josh Money (@JoshMoneyFOX) March 4, 2018