scorecardresearch

'നാസര്‍ ഹുസൈന്‍ എന്നെ ബസ് ഡ്രൈവര്‍ എന്ന് വിളിച്ച് കളിയാക്കി'; വെളിപ്പെടുത്തലുമായി കൈഫ്

ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായിരുന്ന നാസര്‍ ഹുസൈനാണ് തന്നെ കളിയാക്കിയതെന്ന് കൈഫ് വ്യക്തമാക്കി

ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായിരുന്ന നാസര്‍ ഹുസൈനാണ് തന്നെ കളിയാക്കിയതെന്ന് കൈഫ് വ്യക്തമാക്കി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'നാസര്‍ ഹുസൈന്‍ എന്നെ ബസ് ഡ്രൈവര്‍ എന്ന് വിളിച്ച് കളിയാക്കി'; വെളിപ്പെടുത്തലുമായി കൈഫ്

സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഇന്ത്യയുടെ മുന്‍ ബാറ്റ്സമാന്‍ മുഹമ്മദ് കൈഫ്. 2002ലെ നാറ്റ്‍വെസ്റ്റ് പരമ്പരയിലെ ഫൈനലില്‍ ഹീറോയായി മാറിയ കൈഫിന്റെ പ്രകടനം ഒരു ക്രിക്കറ്റ് പ്രേമിക്കും മറക്കാന്‍ കഴിയില്ല. അന്ന് ഇംഗ്ലണ്ട് താരത്തില്‍ നിന്നും പ്രകോപനം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൈഫ്.

Advertisment

എതിരാളികളെ പ്രകോപിപ്പിച്ച് വിക്കറ്റിന് മുമ്പില്‍ കുടുക്കുന്ന തന്ത്രം ക്രിക്കറ്റില്‍ പണ്ടുമുതലേ ശീലിച്ച് പോരുന്നുണ്ട്. പ്രകോപനമുണ്ടാക്കി എതിര്‍ ടീമിലെ താരത്തെ പുറത്താക്കാന്‍ ബോളര്‍മാര്‍ മാത്രമല്ല ഫീല്‍ഡിലെ താരങ്ങളും പരീക്ഷിക്കുന്ന സ്ലെഡ്ജിങിന് പല താരങ്ങളും നിരവധി തവണ വിധേയരായിട്ടുണ്ട്. ചിലര്‍ മനസാന്നിധ്യം കൊണ്ട് ഇതിനെ സമര്‍ഥമായി അതിജീവിച്ച് മുന്നേറിയപ്പോള്‍ മറ്റു ചില കളിക്കാര്‍ സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് പുറത്താവുകയാണ് ചെയ്യുന്നത്.

2002ല്‍ ഇംഗ്ലണ്ടില്‍ നടന്ന നാറ്റ്‌വെസ്റ്റ് ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ഫൈനലിലാണ് താന്‍ സ്ലെഡ്ജിങിന് ഇരയായതെന്ന് കൈഫ് പറയുന്നു. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേയാണ് ഇന്ത്യ ഫൈനല്‍ കളിച്ചത്. മല്‍സരത്തില്‍ കൈഫിന്റെ വീരോചിത ബാറ്റിങ് മികവില്‍ ത്രസിപ്പിക്കുന്ന വിജയത്തോടെ ഇന്ത്യ കിരീടം സ്വന്തമാക്കുകയും ചെയ്തിരുന്നു.

അന്ന് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായിരുന്ന നാസര്‍ ഹുസൈനാണ് തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതെന്ന് കൈഫ് വ്യക്തമാക്കി. തന്റെ ട്വിറ്റര്‍ പേജിലൂടെ ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്. നാറ്റ്‌വെസ്റ്റ് പരമ്പരയുടെ ഫൈനലിനിടെ ബാറ്റ് ചെയ്യുമ്പോള്‍ പങ്കാളിയായ 'യുവരാജ്‌ സിങ്ങുമായി എന്താണ് സംസാരിച്ചത്? ഇംഗ്ലീഷ് താരങ്ങളുടെ ഭാഗത്തു നിന്നും സ്ലെഡ്ജിങ് ഉണ്ടായിരുന്നോയെന്നായിരുന്നു ആരാധകന്റെ ചോദ്യം.

Advertisment

നാസര്‍ ഹുസൈന്‍ തന്നെ ബസ് ഡ്രൈവറെന്ന് കളിക്കിടെ അധിക്ഷേപിച്ചതായി കൈഫ് പറയുന്നു. ഫൈനലില്‍ ഒരു ഘട്ടത്തില്‍ ജയമുറപ്പിച്ച ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് യുവിക്കൊപ്പം കൈഫ് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത് ഹുസൈനെ അസ്വസ്ഥനാക്കുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം കൈഫിനെ പ്രകോപിതനാക്കി പുറത്താക്കുകയെന്ന തന്ത്രം പരീക്ഷിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിന് 325 റണ്‍സെന്ന മികച്ച സ്‌കോറാണ് പടുത്തുയര്‍ത്തിയത്. അക്കാലത്ത് പിന്തുടര്‍ന്നു വിജയിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള സ്‌കോറായിരുന്നു ഇത്. എന്നാല്‍ മൂന്നു പന്ത് ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിന് ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റണ്‍ചേസുകളിലൊന്നാണിത്. 87 റണ്‍സുമായി അന്നു കൈഫ് പുറത്താവാതെ നിന്നിരുന്നു. ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും കൈഫിനായിരുന്നു. 75 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം കൈഫ് 87 റണ്‍സോടെ മിന്നി. യുവരാജ് 63 പന്തില്‍ ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 69 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ് (60) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.

അഞ്ചിന് 146 റണ്‍സെന്ന നിലയിലേക്ക് വീണ ഇന്ത്യ ഒരു ഘട്ടത്തില്‍ പരാജയം മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ ആറാം വിക്കറ്റില്‍ കൈഫും യുവിയും ക്രീസില്‍ ഒരുമിച്ചതോടെ ഇന്ത്യ അവിശ്വസനീയ തിരിച്ചുവരവ് നടത്തുകയായിരുന്നു. ആറാം വിക്കറ്റില്‍ 121 റണ്‍സാണ് ഈ സഖ്യം ചേര്‍ന്ന് അടിച്ചെടുത്തത്. യുവി പുറത്തായെങ്കിലും കൈഫ് ഇന്ത്യയുടെ വിജയമുറപ്പിക്കുന്ന വരെ ക്രീസില്‍ അചഞ്ചലനായി തുടര്‍ന്നു.

England Cricket Team Mohammad Kaif

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: