മുംബൈ: ഒരു വശത്ത് വിരാട് കോഹ്‌ലിയുടെ ബാറ്റിങ് മികവിനെ ക്രിക്കറ്റ് ലോകം അഭിനന്ദിക്കുമ്പോള്‍ മറുവശത്ത് വിരാടിന്റെ സ്വഭാവവും പെര്‍ത്തിലെ പെരുമാറ്റവും പല കോണില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. ഓസീസ് നായകന്‍ ടിം പെയിനുമായി മൈതാനത്ത് കോര്‍ത്ത വിരാടിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ വിരാടിനെ വിമര്‍ശിച്ചു കൊണ്ട് പോസ്റ്റ് ചെയ്തിരിക്കുകയാണ് നടന്‍ നസറുദ്ദീന്‍ ഷാ. വിരാട് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആയിരിക്കാം പക്ഷെ ലോകത്തിലെ ഏറ്റവും മോശം പെരുമാറ്റമുള്ള താരമാണെന്നായിരുന്നു നസറുദ്ദീന്‍ ഷാ പറഞ്ഞത്.

‘വിരാട് കോഹ്‌ലി ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ മാത്രമല്ല, ലോകത്തിലെ ഏറ്റവും മോശമായി പെരുമാറുന്ന താരവുമാണ്. എനിക്ക് രാജ്യം വിടാന്‍ ഉദ്ദേശ്യമില്ല” എന്നായിരുന്നു ഷായുടെ പോസ്റ്റ്. വിരാടിന്റെ തന്നെ വിവാദമായ പ്രസ്താവനയെ പരോക്ഷമായി പരിഹസിക്കുകയും ചെയ്യുന്നുണ്ട് ഷാ പോസ്റ്റില്‍.

ഷായുടെ ട്വീറ്റിനും ട്വിറ്റര്‍ ലോകത്ത് പല തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിരാടിന്റെ പെരുമാറ്റം ശരിയല്ലെന്ന് ഷാ പറഞ്ഞത് വസ്തുതയാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ മറുവിഭാഗം അദ്ദേഹത്തെ എതിര്‍ത്തും രംഗത്തെത്തി. രാജ്യം വിടാന്‍ വരെ പറയുന്നവരുണ്ട്.

നേരത്തെ, ഒരു ആരാധകനോട് വിരാട് രാജ്യം വിടാന്‍ പറഞ്ഞ വിവാദ സംഭവമാണ് ഷാ തന്റെ പോസ്റ്റിലൂടെ സൂചിപ്പിച്ചത്. വിരാടിനേക്കാള്‍ ഇഷ്ടം ഓസീസ് താരങ്ങളെ ആണെന്ന് പറഞ്ഞ ആരാധകനോടായിരുന്നു ഇന്ത്യന്‍ നായകന്‍ രാജ്യം വിടാന്‍ പറഞ്ഞത്. ഇത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook