യുഎസ് ഓപ്പൺ കിരീട നേട്ടത്തിന് ശേഷവും കളിക്കളത്തിൽ മിന്നും പ്രകടനവുമായി നവോമി ഒസാക്ക. ഇന്ന് ഇറ്റലിയുടെ ക്യാമില ജ്യോർജിയെ പരാജയപ്പെടുത്തി പാൻ പസഫിക് ഓപ്പൺ ഫൈനലിൽ എത്തിയിരിക്കുകയാണ് ഒസാക്കയെന്ന ഇരുപതുകാരി. തുടർച്ചയായ പത്താം ജയമാണ് ഒസാക്കയുടേത്.

നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഒസാക്കയുടെ വിജയം. സ്കോർ 6-2, 6-3. ഫൈനലിൽ കരോളിന പ്ലിസ്കോവയാണ് താരത്തിന്റെ എതിരാളി. യുഎസ് കിരീടനേട്ടം നൽകിയ ആത്മവിശ്വാസത്തിൽ ടോക്കിയോയിലെത്തിയ ഒസാക്ക മേൽകീഴ് നോക്കാതെ പോരാടിയാണ് ഫൈനൽ പ്രവേശനം സാധ്യമാക്കിയത്.

രണ്ടാഴ്ച മുമ്പാണ് ഇതിഹാസതാരം സെറീന വില്യംസിനെ പരാജയപ്പെടുത്തി ഒസാക്ക യുഎസ് ഓപ്പൻ കിരീടം സ്വന്തമാക്കിയത്. ഗ്രാൻഡ്സ്രാം കിരീടം നേടുന്ന ആദ്യ ജപ്പാൻകാരി എന്ന റെക്കോർഡും അന്ന് ഒസാക്ക സ്വന്തംപേരിൽ ചേർത്തിരുന്നു. തുടർച്ചയായ രണ്ടാം കിരീടലക്ഷ്യം വച്ചായിരിക്കും നളെ ഒസാക്ക പ്ലിസ്കോവയ്ക്കെതിരെ കോർട്ടിലിറങ്ങുക.

ചുരുങ്ങിയ സമയത്തിനുള്ളിൽ കളി പൂർത്തീകരിക്കുന്ന തരത്തിലുള്ള ആക്രമണമാണ് ടെന്നീസ് കോർട്ടിൽ ഈ കൗമാര താരത്തിന്റെ പ്രത്യേകത. കഴിഞ്ഞ ആഴ്ചയിൽ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് ഒസാക്കയുടെ വിജയകുതിപ്പ്. ചെയ്‍ത സെർവ്വുകളിലാകട്ടെ ഒരെണ്ണം മാത്രമാണ് എതിരാളിക്ക് ബ്രേക്ക് ചെയ്യാൻ സാധിച്ചതും. മികച്ച പ്രകടനങ്ങളിലൂടെ ടെന്നീസ് കോർട്ടിലെ രാജകുമാരിയായി ഒസാക്ക മാറിക്കഴിഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ