ടെന്നീസ് കോര്‍ട്ടിലെ പുത്തന്‍ താരോദയങ്ങളാണ് കോകോയും നവോമിയും. കഴിഞ്ഞ യുഎസ് ഓപ്പണില്‍ സെറീന വില്യംസിനെ പരാജയപ്പെടുത്തി കിരീടം നേടിയ ഒസാക്കെ കുതിപ്പ് തുടരുകയാണ്. വിംബിള്‍ഡണാണ് കോകോ ഗോഫിനെ ലോക ശ്രദ്ധയിലെത്തിച്ചത്. ഇപ്പോള്‍ നടക്കുന്ന യുഎസ് ഓപ്പണിലും കോകോ തന്റെ കരുത്ത് കാണിച്ചു. ഇന്നലെ രണ്ട് പേരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം ഒസാക്കയ്‌ക്കൊപ്പമായിരുന്നു.6-3, 6-0 നായിരുന്നു ഒസാക്കയുടെ ജയം.

ജയത്തേക്കാളുപരി തനിക്ക് മുന്നില്‍ വീണു പോയ 15 കാരിയെ ഒസാക്ക ആശ്വസിപ്പിച്ച രീതിയാണ് കായിക ലോകത്തിന്റെ പ്രശംസ നേടുന്നത്. മത്സരശേഷം പോകാന്‍ ഒരുങ്ങിയ കോകോയുടെ അടുത്തെത്തി ആശ്വസിപ്പിക്കുകയായിരുന്നു ഒസാക്ക. പൊതുവെ മത്സരശേഷം അധികം വികാരം പ്രകടിപ്പിക്കുന്ന ശീലം നവോമിക്കില്ല. പക്ഷെ കോകോയുടെ വേദന നവോമിയ്ക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അടുത്തെത്തി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച നവോദി കോകോയേയും കൂട്ടിയാണ് മത്സരശേഷമുള്ള പ്രസന്റേഷനെത്തിയത്.

മത്സരശേഷം കൈ കൊടുത്തപ്പോള്‍ കോകോ കരയുന്നുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് നേരിട്ട് ചെന്ന് ആശ്വസിപ്പിച്ചതെന്ന് ഒസാക്ക പറയുന്നു. ഒരുമിച്ച് ഓണ്‍ കോര്‍ട്ട് അഭിമുഖം നല്‍കാനായി ഒസാക്ക ക്ഷണിച്ചപ്പോള്‍ കോകോ ആദ്യം സമ്മതിച്ചില്ല. കരഞ്ഞുപോകുമെന്നായിരുന്നു കോകോ മറുപടി പറഞ്ഞത്. എന്നാല്‍ ഷവറിന്റെ ചോട്ടില്‍ നിന്ന് കരയുന്നതിനേക്കാള്‍ നല്ലതാണിതെന്ന് പറഞ്ഞ് നവോമി കോകോയെ കൂട്ടിക്കൊണ്ടു വരികയായിരുന്നു. രണ്ട് പേരും തമ്മിലുള്ള സംസാരത്തിന്റെ വീഡിയോയും യുഎസ് ഓപ്പണ്‍ പുറത്ത് വിട്ടിട്ടുണ്ട്.

അഭിമുഖത്തിലുടനീളം കോകോ കരയുകയായിരുന്നു. ഇതിനിടെ വിതുമ്പി കൊണ്ട് തന്നെ അവള്‍ നവോമിയ്ക്ക് നന്ദി പറഞ്ഞു. പിന്നാലെ സംസാരിച്ച ഒസാക്കയും കരഞ്ഞു. അതേസമയം, കോകോയുടെ മാതാപിതാക്കളെ അഭിനന്ദിക്കുകയും ചെയ്തു ഒസാക്ക. കഴിഞ്ഞ കൊല്ലം സങ്കടം കൊണ്ട് കരഞ്ഞ അതേ ഒസാക്കയുടെ കണ്ണീര് ഇക്കൊല്ലം വീണത് സങ്കടം കൊണ്ടായിരുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook