ഗുണ്ടൂർ: അത്യുജ്ജ്വല പ്രകടനത്തിലൂടെ ലോക ക്രിക്കറ്റിന്റെ നെറുകയിൽ കേരളത്തിന്റെ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടീം. ബിസിസിഐ അണ്ടർ 19 വനിതാ ലീഗിൽ എതിരാളികളെ വെറും രണ്ടു റൺസിന് ഓൾഔട്ടാക്കിയാണ് കേരള വനിതകൾ ചരിത്രമെഴുതിയത്. നാഗാലാൻഡിനെതിരെയായിരുന്നു കേരള വനിതകളുടെ റെക്കോർഡ് പ്രകടനം. മൂന്നു റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം ആദ്യ പന്തിൽത്തന്നെ വിജയത്തിലെത്തി. അതായത് 49.5 ഓവറും 10 വിക്കറ്റും അപ്പോഴും ബാക്കി നിൽക്കുന്പോൾ ഒരു ജയം! ലോകക്രിക്കറ്റിൽ തന്നെ ഇത് ആദ്യം.

ഗുണ്ടൂരിലെ ജെ.കെ.സി കോളേജ്‌ ഗ്രൗണ്ടില്‍ നടന്ന സൂപ്പര്‍ ലീഗ് ഗ്രൂപ്പ് ബിയിലാണ് എല്ലാവരെയും ഞെട്ടിച്ച മത്സരഫലമുണ്ടായത്. ആദ്യം ബാറ്റു ചെയ്ത നാഗാലാന്‍ഡിനായി ഓപ്പണര്‍ മേനക ഒരു റണ്‍സ് നേടി. മറ്റൊരു റണ്‍സ് എക്‌സ്ട്രാ ഇനത്തിലാണ് ലഭിച്ചത്. ബാക്കി ഒമ്പത് താരങ്ങളും പൂജ്യത്തിന് പുറത്തായി.

മേനക (18 പന്തിൽ ഒന്ന്), മുഷ്കാൻ (20 പന്തിൽ 0), ക്യാപ്റ്റൻ എൽന (15 പന്തിൽ 0), ദീപികാ കയ്ന്തൂര (12 പന്തിൽ 0), കനിക (രണ്ടു പന്തിൽ 0), പ്രിയങ്ക കർമാകർ (മൂന്നു പന്തിൽ 0), പോറി (ആറു പന്തിൽ 0), സരീബ (19 പന്തിൽ 0), ജ്യോതി (0), ജോയ്ശ്രീ (നാലു പന്തിൽ 0), പ്രിയങ്ക (മൂന്നു പന്തിൽ പുറത്താകാതെ 0) എന്നിങ്ങനെയാണ് നാഗാലാൻഡ് താരങ്ങളുടെ പ്രകടനം.

നാല് വിക്കറ്റ് വീഴ്ത്തിയ മിന്നു മണിയും രണ്ട് വിക്കറ്റെടുത്ത സൗരഭ്യയുമാണ് നാഗാലാന്‍ഡിനെ നാണിപ്പിക്കുന്ന സ്‌കോറിലേക്ക് എറിഞ്ഞിട്ടത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ഓപ്പണര്‍ അന്‍സു എസ് രാജു ഫോറടിക്കുകയായിരുന്നു. ജോഷിന പി.എം അന്‍സുവിനൊപ്പം പുറത്താകാതെ നിന്നു.

ഏതാനും ആഴ്ചകൾക്കു മുൻപ് ആഭ്യന്തര ക്രിക്കറ്റിൽ എക്സ്ട്രാസ് സെഞ്ചുറിയടിച്ചത് വാർത്തയായിരുന്നു. ബിസിസിഐ അണ്ടർ 19 വനിതാ ലീഗിൽ നാഗാലൻഡും മണിപ്പൂരും തമ്മിലുള്ള മൽസരത്തിലാണ് 136 വൈഡുകൾ പിറന്നത്. മണിപ്പൂർ ബോളർമാർ 94 വൈഡുകൾ വഴങ്ങിയപ്പോൾ ബാക്കിയുള്ള 42 എണ്ണം നാഗാലൻഡ് താരങ്ങളുടെ വകയായിരുന്നു. നിലവാരം തകർന്ന്, നാണക്കേടുണ്ടാക്കിയ മൽസരത്തിനെതിരെ ബിസിസിഐ ഉദ്യോഗസ്ഥർ രംഗത്തെത്തുകയും ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ