ടെന്നിസ് ഇതിഹാസം റോഡര്‍ ഫെഡറര്‍ കളമൊഴിഞ്ഞു. ലേവര്‍ കപ്പ് ഡബിള്‍സില്‍ തോല്വിയോടെയായിരുന്നു താരത്തിന്റെ പുരസ്കാര സമ്പന്നമായ കരിയറിന് അവസാനമായത്. റാഫേല്‍ നദാല്‍ – ഫെഡറര്‍ സഖ്യത്തെ ജാക്ക് സോക്ക്-ഫ്രാന്‍സെസ് തിയഫോ ദ്വയം കീഴടക്കുകയായിരുന്നു. സ്കോര്‍ 6-4, 6-7, 9-11.
തന്റെ അവസാന മത്സരത്തിന് ശേഷം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിതുമ്പുന്ന ഫെഡററെയാണ് കായികലോകം ഇന്നലെ കണ്ടത്. ഒപ്പം കാണികളും ഫെഡററെ ഇഷ്ടപ്പെടുന്ന ഓരോരുത്തരും കണ്ണീരണിഞ്ഞു. കരിയറിലുടനീളം ഫെഡററിന്റെ എതിരാളിയായിരുന്നു നദാലിന് തന്റെ കണ്ണീര് മറച്ചു വയ്ക്കാനായില്ല.
ഇരുവരും ഒരു ബഞ്ചിലിരുന്നു വിതുമ്പി. കായിക ചരിത്രത്തിലെ തന്നെ അത്യപൂര്‍വ്വ നിമിഷമെന്ന് പറയാം. സ്വന്തം എതിരാളി കളം വിടുമ്പോള്‍ കരയുന്ന താരം. കളത്തിനകത്ത് ഏറ്റുമുട്ടിയപ്പോഴും പുറത്ത് നദാലും ഫഡററും സൗഹൃദം വച്ച് പുലര്‍ത്തി. സൗഹൃദം പിന്നീട് സഹോദര ബന്ധത്തിലേക്ക് എത്തുകയായിരുന്നു.
ഇരുവരുടേയും ചിത്രം കായികപ്രേമികള്‍ ഏറ്റെടുക്കുകയും ചെയ്തു. പല പ്രമുഖ താരങ്ങളും ചിത്രം തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. വളരെ വൈകാരികമായ കുറിപ്പോടെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
“എതിരാളികൾക്ക് പരസ്പരം ഇതുപോലെ തോന്നുമെന്ന് ആരാണ് കരുതിയത്. അതാണ് കായിക മേഖലയുടെ സൗന്ദര്യം. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മനോഹരമായ കായിക ചിത്രമാണിത്. നിങ്ങളുടെ കൂട്ടാളികൾ നിങ്ങൾക്കായി കരയുമ്പോൾ, നിങ്ങളുടെ കഴിവ് ഉപയോഗിച്ച് നിങ്ങൾക്ക് മുന്നേറാന്‍ കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നു. ഇരുവരോടും ബഹുമാനം മാത്രം,” കോഹ്ലി കുറിച്ചു.
ലേവര്‍ കപ്പിന് ശേഷം വിരമിക്കുമെന്ന് അടുത്തിടെയാണ് ഫെഡറര്‍ പ്രഖ്യാപിച്ചത്. പരിക്കില്‍ നിന്ന് മുക്തനാകാന്‍ കഴിയാത്തതാണ് കളം വിടാന്‍ താരത്തെ നിര്‍ബന്ധിതനാക്കിയത്. കരിയറില്‍ 20 ഗ്രാന്‍ഡ് സ്ലാമുകളാണ് ഫെഡറര്‍ സ്വന്തമാക്കിയത്. നദാല്‍ (22), നൊവാക് ജോക്കോവിച്ച് (21) എന്നിവര്‍ മാത്രമാണ് ഫെഡറുടെ റെക്കോര്‍ഡ് തകര്‍ത്തിട്ടുള്ളത്.