ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയും ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയരാക്കുന്നു. ദേശീയ കായികമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് ക്രിക്കറ്റ് താരങ്ങളെയും ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസിയായിരിക്കും ക്രിക്കറ്റ് താരങ്ങളെ പരിശോധിക്കുക. ഉത്തേജകമരുന്ന് പരിശോധനയുമായി സഹകരിക്കാൻ ബിസിസിഐയോട് കായികമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര ഉത്തേജകമരുന്ന് ഏജൻസിയുടെ നിർബന്ധപ്രകാരമാണ് കായിക മന്ത്രാലയത്തിന്രെ നടപടി. ബിസിസിഐ സഹകരിച്ചില്ലെങ്കിൽ​ കടുത്ത നടപടികൾ സ്വീകരിക്കാൻ കായിക സെക്രട്ടറി രാഹുൽ ബട്ട്നാഗർ നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസിയുടെ ഡയറക്ടർ നവീൻ അഗർവാളിന്റെ മേൽനോട്ടത്തിലായിരിക്കും പരിശോധന. ക്രിക്കറ്റ് പരമ്പരകൾക്കിടെയും മുൻപും താരങ്ങളുടെ സാമ്പിളുകൾ ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉത്തേജക മരുന്ന് പരിശോധനയോട് സഹകരിക്കാൻ ഇതുവരെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ തയ്യാറായിരുന്നില്ല. യുവരാജ് സിങ്ങ്, ഹർഭജൻ സിങ്ങ് എന്നിവർ ഉത്തേജക മരുന്ന് പരിശോധനയെ പരസ്യമായി എതിർത്തിരുന്നു. താരങ്ങൾക്ക് അനുകൂലമായി ബിസിസിഐയും നിലപാട് എടുത്തതോടെയാണ് പരിശോധനകൾ ഇതുവരെ നടത്താതിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ