മാഡ്രിഡ്: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ലാലീഗയിൽ അതിനിർണായകമായ മത്സരത്തിൽ റയൽ മാഡ്രിഡ് സെവിയ്യക്കെതിരെ ഗംഭീരമായി തന്നെ ജയിച്ചു കയറി. എന്നാൽ ജയത്തിന്റെ ആഹ്ലാദത്തിനിടക്ക് റയൽ ആരാധകർക്ക് കല്ലുകടിയായിരിക്കുകയാണ് നാച്ചോ നേടിയ ആദ്യ ഗോൾ. ധാർമികതക്ക് നിരക്കാത്ത രീതിയിലാണ് സ്പാനിഷ് താരം ഗോൾ നേടിയതെന്നാണ് കടുത്ത റയൽ ആരാധകരടക്കം ആരോപിക്കുന്നത്.

മത്സരത്തിന്റെ പത്താം മിനിറ്റിലായിരുന്നു സംഭവം. പന്തുമായി സെവിയ്യ ഗോൾമുഖത്തേക്ക് കുതിച്ച റയൽ മിഡ്ഫീൽഡർ മാർകോ അസെൻസിയോയെ വീഴ്ത്തിയതിന് റയലിന് ബോക്സിന് തൊട്ട് വെളിയിൽ നിന്ന് ഫ്രീകിക്ക് അനുവദിച്ചു. ഫ്രീകിക്ക് എടുക്കാൻ തയ്യാറെടുക്കുന്നതിനിടയിൽ ഞൊടിയിടയിൽ സഹതാരങ്ങൾ പോലും ശ്രദ്ധിക്കാതിരിക്കുന്ന സമയത്ത് നാച്ചോ പന്ത് പോസ്റ്റിലേക്ക് അടിച്ചു കയറ്റി.

ഫ്രീകിക്കിനായി പ്രതിരോധ മതിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്ന സെവിയ്യ ഗോൾ കീപ്പർ സെർജിയോ റിക്കോയും പ്രധിരോധ താരങ്ങളും പന്ത് ഗോൾലെൻ കടന്നതിനു ശേഷം മാത്രമാണ് കാണുന്നത്. ഉടനെ തന്നെ റഫറി ആൽബട്ടോ യൂഡിയോനോ ഗോൾ അനുവദിക്കുകയും ചെയ്തു. സെവിയ്യ താരങ്ങൾ ശക്തമായി പ്രതിഷേധിച്ചെങ്കിലും കാര്യമൊന്നുമുണ്ടായില്ല. കമന്രേറ്റമാരടക്കം ഗോളിനെ വിമശിച്ചെങ്കിലും റയൽ മാഡ്രിഡ് ഗോളാഘാഷം ആരംഭിച്ചിരുന്നു.

നാച്ചോയുടെ ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനം തെറ്റായിപ്പോയെന്നാണ് ഭൂരിപക്ഷം ഫുട്ബോൾ പ്രേമികളുടേയും അഭിപ്രായം. ഗോൾ നിയമപരമായി ശരിയാണെന്നും കിരീടപ്പോരാട്ടത്തിൽ നിർണായകമായ മത്സരത്തിൽ കരുത്തരായ സെവിയ്യയെ തകർക്കാൻ ഇത്തരമൊരു മാർഗം സ്വീകരിച്ചതിൽ തെറ്റൊന്നുമില്ലെന്ന് വാദിക്കുന്നവരുമുണ്ട്.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സെവിയ്യക്കെതിരെ റയലിന്റെ ജയം. മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് തവണ വലകുലുക്കി. ലീഗിൽ ഒന്നും രണ്ടും സ്ഥാനം അലങ്കരിക്കുന്ന ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഒപ്പത്തിനൊപ്പം മുന്നേറുന്പോൾ ലീഗ് ഫോട്ടോ ഫിനിഷിങ്ങിലേക്ക് നീങ്ങുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook