യാൻഗോൻ: ഏഷ്യാകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ മ്യാൻമറിന് എതിരെ ഇന്ത്യക്ക് നാടകീയ ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ കരുത്തരായ മ്യാൻമറിനെ അട്ടിമറിച്ചത്. ഇഞ്ചുറി ടൈമിൽ നായകൻ സുനിൽ ഛേത്രി നേടിയ ഗോളാണ് ഇന്ത്യക്ക് അട്ടിമറി വിജയം സമ്മാനിച്ചത്. മത്സരത്തിൽ ഉടനീള മ്യാൻമറിനായിരുന്നു മുൻതൂക്കം. ഗോളെന്നുറച്ച് നിരവധി അവസരങ്ങളണ് മ്യാൻമറിന് ലഭിച്ചത്. എന്നാൽ ഇവയൊന്നും മുതലാക്കാൻ മ്യാൻമറിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ത്യക്ക് ലഭിച്ചത് വിരലിലെണ്ണാവുന്ന അവസരങ്ങളാണ് .

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഇന്ത്യക്ക് എതിരെ ശക്തമായ ആക്രമണമാണ് മ്യാൻമർ അഴിച്ചുവിട്ടത്. ആദ്യ പകുതിയിൽ മ്യാൻമർ താരങ്ങളുടെ 2 ഷോട്ടുകളാണ് പോസ്റ്റിൽ തട്ടി മടങ്ങിയത്. ഇന്ത്യയുടെ യുവ ഗോൾകീപ്പർ ഗുർപീത്തിന്റെ മികച്ച സേവുകളാണ് പലപ്പോഴും മ്യാൻമറിനെ തടഞ്ഞത്. എന്നാൽ ആദ്യ പകുതിയിൽ ഇന്ത്യക്ക് ലഭിച്ച ഒരു തുറന്ന അവസരം റോബിൻ സിങ്ങ് പുറത്ത് അടിച്ച് കളഞ്ഞിരുന്നു.


രണ്ടാം പകുതിയിലും മ്യാൻമർ തന്നെയാണ് കളി നിയന്ത്രിച്ചത്. സന്ദേഷ് ജിംഗാനും, മലയാളി താരം അനസ് ഇടത്തൊടികയും അടങ്ങുന്ന സംഘം വളരെ പണിപ്പെട്ടാണ് മ്യാൻമർ താരങ്ങളെ തടഞ്ഞത്. എന്നാൽ കളി അവാസാന മിനുറ്റുകളിലേക്ക് കടന്നതോടെ ഇന്ത്യയും ആക്രമണം ശക്തമാക്കി. കളിയുടെ ഇഞ്ചുറി ടൈമിൽ മ്യാൻമർ ഗോൾമുഖത്ത് ഉണ്ടായ കൂട്ടപ്പൊരിച്ചിലാണ് ഇന്ത്യക്ക് ഗോൾ സമ്മാനിച്ചത്. മധ്യനിരക്കാരൻ ഉഡാൻന്ത സിങ്ങ് നൽകിയ പാസ് സുനിൽ ഛേത്രി മ്യാൻമർ പോസ്റ്റിലേക്ക് തിരിച്ച് വിട്ടതോടെ വിജയം ഇന്ത്യക്കോപ്പമായി. 64 വർഷത്തിന് ശേഷമാണ് ഇന്ത്യ മ്യാൻമറിനെ പരാജയപ്പെടുത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ