തന്റെ പ്രിയപ്പെട്ട ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമിനെക്കുറിച്ചും ഫാഫ് ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (ആർസിബി) പ്രകടനത്തെക്കുറിച്ചും അഭിപ്രായം പറഞ്ഞിരിക്കുകയാണ് ടോട്ടൻഹാം ഹോട്സ്പറിന്റെയും ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിന്റെയും ക്യാപ്റ്റനുമായ ഹാരി കെയ്ൻ. ആർസിബിക്ക് ഈ സീസണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
“അതിനാൽ എന്റെ ടീം ആർസിബിയാണ്. വിരാട് കോഹ്‌ലിയെ കുറച്ച് തവണ കാണാനും സംസാരിക്കാനും എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അവർ ഇത്തവണ മികച്ച കളിക്കാരെ തിരഞ്ഞെടുത്തു,” തന്റെ പ്രിയപ്പെട്ട ഐപിഎൽ ടീമിനെക്കുറിച്ച് സ്റ്റാർ സ്‌പോർട്‌സുമായി സംസാരിക്കവെ, ഹാരി കെയ്ൻ പറഞ്ഞു.
“കഴിഞ്ഞ വർഷം അവർ നിർഭാഗ്യവാന്മാരായിരുന്നു, എന്നാൽ ഈ വർഷം അവർ ശരിയായ കാര്യങ്ങൾ ചെയ്തു, അവർ നന്നായി ആരംഭിച്ചു. ഐപിഎല്ലിൽ മികച്ച ടീമുകളുണ്ട്. അവരെയെല്ലാം കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു, പക്ഷേ ആർസിബി നന്നായി പോകുമെന്ന് പ്രതീക്ഷിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
വിരാട് കോലിയുടെ ബാറ്റിംഗിന്റെ വലിയ ആരാധകനാണ് ഹാരി കെയ്ൻ. മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ ബാറ്റിംഗിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
“അവിശ്വസനീയമാണ് വിരാട്. അവന്റെ ബാറ്റിംഗിൽ തീയും അവൻ കളിക്കുന്നത് കാണുമ്പോൾ ആവേശവും ഉണ്ട്, അത് കാണാൻ മികച്ചതാണ്, ”കെയ്ൻ പറഞ്ഞു.
“ഞങ്ങൾ ഒന്നര വർഷമായി ക്രിക്കറ്റ് കളിക്കുന്നു, അതിനാൽ ഞങ്ങൾ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കളിക്കുന്നു, അത് നല്ല രസമായിരുന്നു. ഞങ്ങൾ ക്രിക്കറ്റ് കളിക്കുന്നത് ആസ്വദിക്കുന്നു, വ്യക്തമായും, ഐപിഎൽ ഇപ്പോൾ നടക്കുന്നുണ്ട്, അതിനാൽ ഞങ്ങൾ അത് കാണുന്നതും ആസ്വദിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെ ആർസിബി നേരിടും.