മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെ മകനാണ് അർജ്ജുൻ തെൻഡുക്കർ. അച്ഛന്രെ പാത പിന്തുടർന്ന് പ്രശസ്ത ക്രിക്കറ്റ് താരമാകാനുള്ള തയ്യാറെടുപ്പിലാണ് അർജ്ജുൻ. മുംബൈ അണ്ടർ 17 ടീമിന് വേണ്ടി കളിച്ചും, ഇംഗ്ലണ്ടിൽ വിദഗ്‌ധ പരിശീലനവും തേടി മികവ് തെളിയിക്കാനുളള ഒരുക്കത്തിലാണ് ഈ മിടുക്കൻ. എന്നാൽ അർജ്ജുൻ തെൻഡുൽക്കറുടെ ഭാവിയെപ്പറ്റി സച്ചിൻ ആകുലനാണ്.

മാധ്യമങ്ങളുടെ നിരന്തരമായ പിന്തുടരൽമൂലം അർജ്ജുന് സമ്മർദ്ദമേറുന്നുണ്ട് എന്നാണ് സച്ചിന്റെ വിലയിരുത്തൽ. താനുമായി അർജ്ജുനെ താരതമ്യപ്പെടുത്തുന്നത് അനുചിതമാണെന്നാണ് സച്ചിന്റെ നിലപാട്. സ്വന്തം വഴി തീരുമാനിക്കാൻ തന്റെ അച്ഛൻ തനിക്ക് നൽകിയ സ്വാതന്ത്ര്യം അർജ്ജുനും നൽകിയിട്ടുണ്ടെന്ന് സച്ചിൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

അടുത്ത സച്ചിൻ ആകുമോ അർജ്ജുൻ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും സച്ചിൻ കൃത്യമായി മറുപടി പറഞ്ഞു. അർജ്ജുൻ ഒരിക്കലും സച്ചിൻ ആകില്ലെന്നും അവൻ അർജ്ജുൻ തെൻഡുൽക്കർ ആണെന്നും അദ്ദേഹം പറഞ്ഞു. അവൻ അവന്റെ സ്വപ്നങ്ങൾ തേടിയുളള യാത്ര ആരംഭിച്ചിരിക്കുകയാണ്, അവ സാക്ഷാത്കരിക്കാൻ ഒരു രക്ഷിതാവ് എന്ന നിലയിൽ താൻ എല്ലാ പിന്തുണയും നൽകുമെന്നും സച്ചിൻ വ്യക്തമാക്കി.

19 വയസില്‍ തഴെയുള്ളവര്‍ക്കായുള്ള കുച്ച്ബെഹാര്‍ ട്രോഫിയില്‍ മുംബൈക്കായി അഞ്ചു വിക്കറ്റ് വീഴ്‌ത്തി അര്‍ജ്ജുന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നേരത്തെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി അടക്കമുള്ള താരങ്ങള്‍ക്ക് നെറ്റ്സില്‍ പന്തെറി‌ഞ്ഞുകൊടുക്കാന്‍ അര്‍ജ്ജുന്‍ എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ