ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ഡേവിഡ് വാര്‍ണര്‍. നായകസ്ഥാനത്തെ ഇപ്പോഴും വിശേഷാധികാരമായി തന്നെയാണ് കണക്കാക്കുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നുള്ള വിലക്ക് അവസാനിപ്പിക്കുന്നതിന് ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ചര്‍ച്ചയ്ക്ക് തയാറെന്നും താരം പറഞ്ഞു.
പന്ത്ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വാര്‍ണറെ ഒരു വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്നും ശേഷിക്കുന്ന കാലം നായകസ്ഥാനത്ത് നിന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയിരുന്നു. മോശം പ്രകടനം കാരണം ആരോണ്‍ ഫിഞ്ച് ഏകദിന ക്യാപ്റ്റന്‍ സ്ഥാനം രാജി വെച്ചതിന് പിന്നാലെ പുതിയ ക്യാപ്റ്റനെ ക്രിക്കറ്റ് ഓസ്ട്രേലിയ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫിഞ്ച് ട്വന്റി20 നായകനായി തിരിച്ചുവരാനുള്ള സാധ്യത വിരളമാണ്. ഈ പശ്ചാത്തലത്തിലാണ് ക്യാപ്റ്റനാകാന്‍ സന്നദ്ധത അറിയിച്ചുള്ള വാര്‍ണറുടെ പ്രതികരണം. ക്യാപ്റ്റനാകാന്‍ കിട്ടുന്ന ഏതൊരു അവസരവും അനുഗ്രഹമാണെന്നും വാര്‍ണര്‍ ഫോക്സ് ന്യൂസിനോട് പറഞ്ഞു.
‘എനിക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുക ബാറ്റ് ഉപയോഗിച്ച് കൂടുതല്‍ റണ്‍സ് നേടുക എന്നതാണ്, ബാക്കി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കൈകളിലാണ്. കഴിഞ്ഞതെല്ലാം കഴിഞ്ഞു. പുതിയ ക്രിക്കറ്റ് ബോര്‍ഡ് ആണ്.എന്റെ ഫോണ്‍ ഇവിടെയുണ്ട്, ഏത് സമയവും അവരുമായി സംസാരിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ,’ വാര്‍ണര്‍ പ്രതികരിച്ചു. മുന്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ വാര്‍ണറുടെ വിലക്ക് പിന്‍വലിക്കാനായി ആവശ്യപെടുന്നുണ്ടെങ്കിലും ഏകദിന നായക സ്ഥാനത്തേക്ക് ടെസ്റ്റ് നായകനായ പാറ്റ് കമ്മിന്‍സിനെ തിരഞ്ഞെടുക്കാനാണ് സാധ്യതയെന്നാണ് റിപോര്‍ട്ടുകള്‍.
‘അന്താരാഷ്ട്ര മത്സരത്തിന്റെ ചെറിയ ഫോര്‍മാറ്റില്‍ നിന്ന് ഫിഞ്ച് വിരമിക്കുമെന്നതില് ഉറപ്പില്ലെ, ട്വന്റി 20 ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമോ എന്നതിനെ കുറിച്ച് അദ്ദേഹം ഒന്നും തന്നെ സംസാരിച്ചിട്ടില്ല, സ്വാഭാവികമായും നമ്മളെല്ലാം അദ്ദേഹത്തെ 100 ശതമാനം പിന്തുണയ്ക്കുന്നു. ക്രിക്കറ്റിന്റെ ചെറു ഫോര്‍മാറ്റ് അദ്ദേഹത്തിന് ഒരുപാട് പ്രിയപ്പെട്ടതാണ്. എനിക്കുറപ്പാണ് റണ്‍സ് കൂടുതല്‍ നേടിയെടുക്കാന്‍ അദ്ദേഹം നെറ്റ്സില്‍ കഠിന പരിശ്രമം നടത്തുന്നുണ്ടെന്ന്.’ വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു