ഗ്ലാസ്‌ഗോ ലോക ചാമ്പ്യന്‍ഷിപ്പില്‍ കപ്പിനും ചുണ്ടിനുമിടയ്ക്ക് നഷ്ടപ്പെട്ടു പോയ സ്വര്‍ണ മെഡലിനെക്കുറിച്ചോര്‍ത്ത് താന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്ന് തുറന്നു സമ്മതിക്കാന്‍ പി.വി.സിന്ധുവിന് തെല്ലും മടിയില്ല. എന്നാല്‍ അതോര്‍ത്ത് നിരാശപ്പെട്ടിരിക്കാന്‍ സിന്ധു തയാറുമല്ല.

‘എനിക്കറിയാം ഞാന്‍ നന്നായി കളിച്ചുവെന്ന്. എന്നെക്കൊണ്ട് കഴിയാവുന്ന എല്ലാ തരത്തിലും. ആ മാച്ചിനു ശേഷം ഞാന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്. പക്ഷെ, എനിക്കറിയാമായിരുന്നു എന്റെ സ്വര്‍ണം വരുമെന്ന്.’ കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസിനു മുന്നോടിയായി ഇന്ത്യന്‍ എക്‌സ്പ്രസ്സിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സിന്ധുവിന്റെ തുറന്നു പറച്ചില്‍.

ലോക ചാമ്പ്യന്‍ഷിപ്പില്‍ നൊസോമി ഒകുഹാരയോടേറ്റ തോല്‍വിയോടുള്ള ഏറ്റവും മനോഹരമായ പ്രതികാരം, ആ സ്വര്‍ണമെഡല്‍ സിന്ധു നേടി.

PV Sindhu

മത്സരം നഷ്ടപ്പെട്ടാല്‍ അതിന് ക്ഷീണത്തെ പഴി ചാരാനാകില്ലെന്നാണ് സിന്ധു പറയുന്നത്. ‘അങ്ങനെ ക്ഷീണിതരാകാന്‍ ഉള്ള അനുവാദം നമുക്കില്ല. ശാരീരികമായും മാനസികമായും തളര്‍ച്ചയുണ്ടാകും. പക്ഷെ ആ ഒരു നിമിഷത്തില്‍ എനിക്ക് വിജയിക്കണം എന്നു മാത്രമേ മനസില്‍ ഉണ്ടാകൂ. ഒരിക്കലും ഞാന്‍ ക്ഷീണിതയാണ്, എനിക്ക് കളിക്കാന്‍ കഴിയില്ല എന്നൊന്നും ചിന്തിക്കാന്‍ പറ്റില്ല. ഒരിക്കല്‍ പോലും ഞാനങ്ങനെ ചിന്തിച്ചിട്ടും ഇല്ല.’

മെഡലുകള്‍ തരുന്ന ആഹ്‌ളാദം, സ്മാഷുകളുടെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കം, ഇതിനെല്ലാം അപ്പുറം ഒന്നു കണ്ണടച്ചു തുറക്കുന്നതിനിടയില്‍ കൈവിട്ടു പോയേക്കാവുന്ന മത്സരമാണ് ബാഡ്മിന്റണ്‍ എന്നാണ് സിന്ധു പറയുന്നത്. ‘കൂടുതല്‍ സമയമെടുത്തു കളിക്കുമ്പോള്‍ ഒരുപക്ഷെ എന്റെ എതിരാളികള്‍ ക്ഷീണിതരാകും. അവിടെ എനിക്കൊരു പോയിന്റ് നേടാനാകും. അതാണ് എന്റെ ഏറ്റവും വലിയ ആവേശം. ഞാനെപ്പോഴും ‘ഹും.. ആ ലോങ് പോയിന്റ് ആര്‍ക്കാണ് നേടാനാകുക എന്നു നോക്കാമല്ലോ എന്ന രീതിയലാണ് നില്‍ക്കുക. എന്തുവന്നാലും ഞാനും ഈ ഷട്ടില്‍ കൈവിടാന്‍ പോകുന്നില്ല. നമുക്ക് കാണാം..” കുസൃതിച്ചിരിയോടെ സിന്ധു പറയുന്നു.

PV Sindhu

ഇന്ത്യയുടെ ബാഡ്മിന്റണ്‍ ചരിത്രം തന്നെ എങ്ങനെ അടയാളപ്പെടുത്തുമെന്നതിന് കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ‘നേരത്തെ എല്ലാവര്‍ക്കും ബാഡ്മിന്റണ്‍ പല സ്‌പോര്‍ട്‌സുകളില്‍ ഒന്നുമാത്രമായിരുന്നു. ഇപ്പോള്‍ അത് സി-ന്ധുവാണ്. ആ പേര്. ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്ന ഒന്നാണത്.’ സിന്ധു പറയുന്നു.

പേരും പ്രശസ്തിയുമൊന്നും വലിയ കാര്യമല്ലെന്ന് പല പ്രശസ്തരും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ സിന്ധുവിന് അങ്ങിനെയൊരു അഭിപ്രായമില്ല. ‘പ്രശസ്തി എന്നത് വലിയൊരു കാര്യമാണ്. നിങ്ങള്‍ക്ക് പേരും പ്രശസ്തിയുമുണ്ടെങ്കില്‍, ധാരാണം പണവും കിട്ടും. പണം എന്നത് എല്ലാമല്ലെങ്കിലും. നിങ്ങക്ക് നല്ലത് സംഭവിക്കുമെന്നും നിങ്ങള്‍ നല്ല നേട്ടങ്ങള്‍ കൈവരിക്കുമെന്നും ആളുകള്‍ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യും. അതു വളരെ മനോഹരമാണ്.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ