scorecardresearch

‘ഞാന്‍ ഫിഫ്റ്റി അടിച്ചപ്പോള്‍ അവള്‍ ഉറങ്ങുകയായിരുന്നു’; പരിഭവം പറഞ്ഞ് രോഹിത് ശര്‍മ്മ

എന്നത്തേയും പോലെ ഞായറാഴ്ചയും രോഹിത് ശര്‍മ്മയുടെ ഭാര്യയും മകളും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാനായി സ്റ്റേഡിയത്തിലെത്തിയിരുന്നു

‘ഞാന്‍ ഫിഫ്റ്റി അടിച്ചപ്പോള്‍ അവള്‍ ഉറങ്ങുകയായിരുന്നു’; പരിഭവം പറഞ്ഞ് രോഹിത് ശര്‍മ്മ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനോട് ഒന്‍പത് വിക്കറ്റിന്‍റെ പരാജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏറ്റുവാങ്ങിയതോടെ പ്ലേ ഓഫ് പട്ടികയായി. തുല്യ പോയിന്‍റാണെങ്കിലും(12) നെറ്റ് റണ്‍റേറ്റിന്‍റെ ആനുകൂല്യത്തില്‍ കൊല്‍ക്കത്തയെ മറികടന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫിലെത്തുന്ന നാലാം ടീമായി. ചെന്നൈ സൂപ്പര്‍ കിങ്സ്, ഡല്‍ഹി കാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ നേരത്തെ പ്ലേ ഓഫിലെത്തിയിരുന്നു. വാങ്കഡെയില്‍ കൊല്‍ക്കത്തയുടെ 133 റണ്‍സ് പിന്തുടര്‍ന്ന മുംബൈ അനായാസം ജയത്തിലെത്തുകയായിരുന്നു.

16.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ ജയത്തിലെത്തി. ക്വിന്‍റണ്‍ ഡി കോക്കിനെ (23 പന്തില്‍ 30) പേസര്‍ പ്രസിദ് പുറത്താക്കി. എന്നാല്‍ അർധ സെഞ്ചുറി നേടിയ നായകന്‍ രോഹിത് ശര്‍മ്മയും (55) സൂര്യകുമാര്‍ യാദവും (46) ചേര്‍ന്ന് മുംബൈയെ ഒന്‍പതാം ജയത്തിലേക്ക് നയിച്ചു.

എന്നത്തേയും പോലെ ഞായറാഴ്ചയും രോഹിത് ശര്‍മ്മയുടെ ഭാര്യയും മകളും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാനായി സ്റ്റേഡിയത്തിലെത്തിയിരുന്നു. ഭാര്യ റിഥ്വിക സാജ്ദേയും മകള്‍ സമൈറയും മത്സരശേഷം രോഹിത്തിനൊപ്പം മൈതാനത്തും സമയം ചെലവഴിച്ചു. മത്സരവിജയത്തിനുശേഷം തന്റെ മകളെ കുറിച്ചും രോഹിത് ശര്‍മ്മ സംസാരിച്ചു.

IPL 2019: ഒന്നാം സ്ഥാനക്കാരായി മുംബൈ ഇന്ത്യൻസ്; പ്ലേ ഓഫ് ഇങ്ങനെ

‘ഞാന്‍ കളിക്കുന്നത് കാണാന്‍ എന്റെ മകള്‍ എല്ലായ്പ്പോഴും വരാറുണ്ട്. എന്നാല്‍ നേരത്തേ എനിക്ക് അത്ര നല്ല റണ്‍സുകള്‍ നേടാനായിട്ടില്ല. എന്നാല്‍ ഇന്ന് നല്ല രീതിയില്‍ റണ്‍ നേടാനായി, പക്ഷെ അപ്പോള്‍ അവള്‍ ഉറങ്ങുകയായിരുന്നു,’ രോഹിത് ശര്‍മ്മ പറഞ്ഞു.

തന്റെ അർധ സെഞ്ചുറി മകള്‍ക്ക് വേണ്ടിയാണ് രോഹിത് സമര്‍പ്പിച്ചത്. ഇത്തവണത്തെ ഐപിഎല്ലില്‍ നല്ല ഫോമിലല്ല രോഹിത് എങ്കിലും ഇന്നലെ നിര്‍ണായകമായ മത്സരത്തില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: My daughter was sleeping when i hit my fifty rohit sharma