അമേരിക്കയില്‍ നടക്കുന്ന എംവിഎ ഹൈ പെർഫോമൻസ് അത്‌ലറ്റിക്‌സ് മീറ്റില്‍ മലയാളി താരം മുരളി ശ്രീശങ്കറിന് ലോങ് ജമ്പില്‍ സ്വര്‍ണം. 8.29 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ സ്വര്‍ണം നേടിയത്.
സീസണിലെ ശ്രീശങ്കര്‍ പങ്കെടുക്കുന്ന രണ്ടാമത്തെ ഇവന്റാണിത്. 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ ശ്രീശങ്കര്‍ തന്റെ വ്യക്തിഗത നേട്ടമായ 8.36 മീറ്റര്‍ മറികടക്കാനായില്ല.
ചൈനയുടെ മാ വെയ്‌ഡോങ്ങാണ് വെള്ളി നേടിയത്, 7.99 മീറ്ററാണ് വെയ്ഡോങ് ചാടിയത്. ചൈനയുടെ തന്നെ ഹുഫെങ് ഹുവാങ് വെങ്കലവും സ്വന്തമാക്കി.
ഈ മാസം ആദ്യം ബംഗളൂരുവില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് പിക്സില്‍ ശ്രീശങ്കര്‍ 7.94 മീറ്ററാണ് ചാടിയത്.
ശ്രീശങ്കറിന്റെ 8.36 മീറ്ററായിരുന്നു ദേശിയ റെക്കോര്‍ഡായി നിലനിന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ ജമ്പ്സ് ചാമ്പ്യന്‍ഷിപ്പില്‍ 8.42 മീറ്റര്‍ ചാടി ജെസ്വിന്‍ ആല്‍ഡ്രിന്‍ റെക്കോര്‍ഡ് മറികടന്നു.