ശ്രീലങ്കൻ സ്‌പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു. വിജയ് സേതുപതിയാണ് സിനിമയിൽ മുരളീധരനായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു.

മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമയിൽ താൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിവരം വിജയ് സേതുപതിയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘800’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ മുത്തയ്യ നേടിയ 800 വിക്കറ്റ് എന്ന ചരിത്ര നേട്ടമാണ് സിനിമയുടെ പേരിനാധാരം.

ശ്രീപതി രംഗസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡാർ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ഭാഗമാകാൻ സാധിച്ചതിൽ വലിയ സന്തോഷവും അഭിമാനവും ഉണ്ടെന്ന് വിജയ് സേതുപതി പ്രതികരിച്ചു.

Read Also: ആ നഷ്ടപ്രണയം രണ്ടു വർഷം പിന്നിടുമ്പോൾ; ’96’ ഓർമ്മകളിൽ സേതുപതിയും തൃഷയും

2021 ഫെബ്രുവരിയിലോ മാർച്ചിലോ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. സിനിമയുടെ പോസ്റ്റർ വിജയ് സേതുപതി പുറത്തുവിട്ടു. കഴിഞ്ഞ ഡിസംബറിൽ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ, മറ്റ് ചില കാരണങ്ങളാൽ ഔദ്യോഗിക പ്രഖ്യാപനം നീണ്ടുപോയി.

“ലോകമെമ്പാടും അറിയുന്ന തമിഴ് വംശജനാണ് മുത്തയ്യ മുരളീധരൻ. അദ്ദേഹത്തിന്റെ ജീവിതം സിനിമയാകുമ്പോൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. മുത്തയ്യ മുരളീധരനായി വേഷമിടുന്നത് വലിയ വെല്ലുവിളിയാണ്. അതിനായി പരിശ്രമിക്കും. എന്നിൽ അർപ്പിച്ച വിശ്വാസത്തിനു മുത്തയ്യ മുരളീധരനോടും സിനിമയുടെ അണിയറപ്രവർത്തകരോടും ഞാൻ അതിയായ നന്ദി രേഖപ്പെടുത്തുന്നു,” വിജയ് സേതുപതി പറഞ്ഞു.

തമിഴിലും മറ്റ് ഭാഷകളിലും സിനിമ പുറത്തിറക്കാനാണ് തീരുമാനം.

133 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 800 വിക്കറ്റുകളും 350 ഏകദിന മത്സരങ്ങളിൽ നിന്ന് 534 വിക്കറ്റുകളുമാണ് മുരളീധരൻ ശ്രീലങ്കയ്‌ക്കു വേണ്ടി നേടിയിട്ടുള്ളത്. ടെസ്റ്റിൽ 67 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ മുരളീധരൻ ഏകദിനത്തിൽ പത്ത് തവണയും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook