ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ നാലാം സീസണില്‍ അവസാന അംഗത്തിന് ഇറങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായ ബെംഗളൂരു എഫ്‌സിയെയാണ് മഞ്ഞപ്പട ഇന്ന് നേരിടുന്നത്. സെമി ഫൈനല്‍ പ്ലേ ഒഫിലേക്ക് കടക്കാനുള്ള സാധ്യത അടഞ്ഞുവെങ്കിലും ഒരു വിജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാകും  ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക. സീസണില്‍  വിജയകുതിപ്പ് തുടരുന്ന ബെംഗളൂരു എഫ്‌സിയ്ക്ക് കടിഞ്ഞാണിടാന്‍ ഡേവിഡ്‌ ജെയിംസിന് കഴിയുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്.

ആദ്യപാദ മൽസരത്തില്‍ പരുക്ക് കാരണം വിട്ടുനിന്ന കേരളത്തിലുള്ള മുന്‍ ബെംഗളൂരു എഫ്‌സി താരങ്ങളായ സി.കെ.വിനീതും റിനോ ആന്‍റോയും ഇന്ന് ആദ്യ ഇലവനില്‍ ഇടംനേടിയേക്കും. കഴിഞ്ഞ സീസണില്‍ ബെംഗളൂരുവിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് സി.കെ.വിനീത്. വിനീതിന്‍റെ ഗോളിലായിരുന്നു ബെംഗളൂരു മോഹന്‍ ബഗാനെ തോല്‍പ്പിച്ചുകൊണ്ട് ഫെഡറേഷന്‍ കപ്പ് നേടുന്നത്. ബെംഗളൂരു എഫ്‌സിയുടെ നായക സ്ഥാനം വരെ അലങ്കരിച്ചിട്ടുള്ള താരമാണ് റിനോ ആന്‍റോ. ക്ലബ് ഹീറോ ആയി ബെംഗളൂരു ആരാധകര്‍ കണക്കാക്കുന്ന ഇരുവരും ഇന്ന് തിളങ്ങും എന്ന് തന്നെയാണ് മഞ്ഞപ്പടയും വിശ്വസിക്കുന്നത്. വിനീത് ഈ സീസണില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന വിമര്‍ശനം ശക്തമാണ് എന്നിരിക്കെ തന്നെ ബെംഗളൂരുവിനെതിരെ ഗോള്‍ അടിച്ചിരിക്കും എന്ന് വിനീത് വാശിയോടെ പറയുന്നുമുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഒട്ടും വിലകുറച്ച് കാണുന്നില്ല എന്നാണ് ബെംഗളൂരു മാനേജര്‍ ആല്‍ബര്‍ട്ട് റോകയുടെ പ്രതികരണം. “വാശിയാണ് ഫുട്ബോളിനെ നിലനിര്‍ത്തുന്നതും വളര്‍ത്തുന്നതും. ഇരു ടീമുകളുടെയും ആരാധകര്‍ ആര്‍പ്പുവിളിച്ചുകൊണ്ട് അവരവരുടെ ടീമിനെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്” ആല്‍ബര്‍ട്ട് റോക പറഞ്ഞു. സെന്‍റര്‍ ബാക്കുകളായ ഹുവാനനും ജോണ്‍ ജോണ്‍സണും സസ്‌പെന്‍ഷനിലാണ് എന്നത് ബെംഗളൂരുവിനെ സംബന്ധിച്ച് തിരിച്ചടിയാണ്. എഎഫ്സി കപ്പ് മൽസരങ്ങളും ഐഎസ്‌എല്‍ പ്ലേ ഓഫും മുന്നിലിരിക്കെ ബിഎഫ്‌സി ഒട്ടേറെ താരങ്ങള്‍ക്ക് വിശ്രമം നല്‍കുവാനും സാധ്യതയുണ്ട്.

Read More : കേരളാ ബ്ലാസ്റ്റേഴ്‌സ് ഇനിയെങ്കിലും ചെയ്യേണ്ടത് ഇതെല്ലാമാണ്

“ലീഗിന്റെ അവസാനത്തെ കളിയാണ് ഇത്. വളരെ പ്രധാനപ്പെട്ടതാണത്. അത് വിജയിച്ചശേഷം പ്ലേ ഓഫിലേക്ക് പോകുന്നതാണ് നല്ലത്. അത് ചെയ്യാൻ ഒരേയൊരു വഴി മാത്രമേയുള്ളൂ നമ്മുടെ ജോലി നല്ലതുപോലെ ചെയ്യുക എന്നത് തന്നെ” ബെംഗളൂരു മാനേജര്‍ പറഞ്ഞു.

സീസണിന്‍റെ തുടക്കം മുതല്‍ കൊമ്പ് കോര്‍ക്കുന്ന ഇരുടീമിന്‍റെയും ആരാധകരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട മൽസരമാണിത്‌. പ്ലേ ഓഫ് സാധ്യത ഇല്ലാതായെങ്കിലും ബെംഗളൂരുവിനെ അവരുടെ താവളത്തില്‍ ചെന്ന് തോല്‍പ്പിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അഭിമാനപ്രശ്നം ആയിരിക്കുകയാണ്. അതേസമയം, ആദ്യ പാദത്തിലേതിന് സമാനമായതോ അതിലും വലുതോ ആയ പരാജയമാകും കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് നേരിടുക എന്ന് ബെംഗളൂരു ആരാധകരായ വെസ്റ്റ്‌ബ്ലോക് ബ്ലൂസും അവകാശപ്പെടുന്നു.

ചിരവൈരികളായിരിക്കുന്ന ടീമുകളുടെ മൽസരത്തിനായി സ്റ്റേഡിയത്തിലെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റ്‌ തീര്‍ന്നിട്ടുണ്ട്. “ഒരു നല്ല കളി കാണാനാകും എന്നും ആരാധകർ അതാസ്വദിക്കും എന്നുമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതാണ്‌ ഏറ്റവും പ്രധാനപ്പെട്ട സംഗതി.” ബെംഗളൂരു മാനേജര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ