മുഷ്തഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ജയത്തോടെ തുടക്കം. മണിപ്പൂരിനെതിരായ ആദ്യ മത്സരത്തിൽ 83 റൺസിന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്. കേരളം ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മണിപൂരിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 103 റൺസെടുക്കാനെ സാധിച്ചുള്ളു. നായകൻ സച്ചിൻ ബേബിയുടെ തകർപ്പൻ ബാറ്റിങ് മികവാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.
ടോസ് നേടിയ കേരളം മത്സരത്തിൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോർബോർഡ് 16ൽ നിൽക്കെ അടുത്തടുത്ത പന്തുകളിൽ അരുൺ കാർത്തിക്കിനെയും രോഹൻ പ്രേമിനെയും മടക്കി ഹൊമേൻഡ്രോ കേരളത്തെ ഞെട്ടിച്ചു. ചെറിയ സംഭവനകൾ നൽകി ഓപ്പണർ വിഷ്ണു വിനോദും ഡാറിലും മടങ്ങിയതോടെ ബാറ്റിങ് ഉത്തരവാദിത്വം നായകൻ ഏറ്റെടുക്കുകയായിരുന്നു.
സച്ചിൻ ബേബിയ്ക്ക് മികച്ച പിന്തുണ നൽകി മുഹമ്മദ് അസ്‌റുദീനും എത്തിയതോടെ കേരളം മികച്ച സ്കോർ കുറിച്ചു. 46 പന്തുകൾ നേരിട്ട സച്ചിൻ 10 ഫോറുകൾ ഉൾപ്പടെ 75 റൺസ് നേടി. മുഹമ്മദ് അസ്‌റുദീൻ 26 പന്തുകളിൽ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറും ഉൾപ്പടെ പായിച്ച് 47 റൺസും നേടി. 18-ാം ഓവറിൽ അസ്‌റുദീൻ പുറത്തായെങ്കിലും സച്ചിൻ അക്രമണത്തിന്റെ വേഗത കുറച്ചില്ല.
മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ കൃത്യമായ ഇടവേളകളിൽ കേരള താരങ്ങൾ മണിപൂർ താരങ്ങളെ കൂടാരം കയറ്റികൊണ്ടിരുന്നു. പുറത്താകാതെ 40 റൺസ് നേടിയ യഷ്പാൽ സിങ് മത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മൂന്ന് മണിപ്പൂരി താരങ്ങൾ മാത്രം രണ്ടക്കം കണ്ടെത്തിയപ്പോൾ ടീം സ്കോർ 103ൽ അവസാനിച്ചു. കേരളത്തിന് പന്തെറിഞ്ഞ എല്ലാ താരങ്ങളും ഓരോ വിക്കറ്റ് വീതം നേടി.