ലോകത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളായ ഷാക്കിബ് അല്‍ ഹസന്റെ വിലക്ക് ബംഗ്ലാദേശുകാരെ മാത്രമല്ല, ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഷാക്കിബിനെ പോലൊരു താരത്തിനെതിരായ നടപടിക്കെതിരെ പ്രതിഷേധവും ശക്തമാണ്.

ബംഗ്ലാദേശ് ടീമിന്റെ വളര്‍ച്ചയുടെ പ്രധാന തൂണുകളിലൊന്നായിരുന്നു ഷാക്കിബ് അല്‍ ഹസന്‍. താരത്തിന്റെ പ്രകടനങ്ങളും താര പദവിയും ബംഗ്ലാദേശ് ടീമിലും ആരാധകരിലും സൃഷ്ടിച്ച സ്വാധീനം വളരെ വലുതാണ്. ഷാക്കിബിനെതിരായ നടപടിയില്‍ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖൂര്‍ റഹീമിന്റെ പ്രതികരണം ക്രിക്കറ്റ് ആരാധകരുടെ ഹൃദയം തകര്‍ക്കുന്നതാണ്.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു കൂട്ടുകാരനെതിരായ നടപടിയില്‍ റഹീം തന്റെ വേദന അറിയിച്ചത്. ആഭ്യന്തര ക്രിക്കറ്റ് കാലം മുതല്‍ ഒരുമിച്ച് കളിക്കുന്നവരാണ് ഷാക്കിബും റഹീമും. അതുകൊണ്ട് തന്നെ ഷാക്കിബ് ഇല്ലാതെ കളിക്കേണ്ടി വരുന്നതിനെ കുറിച്ച് റഹീമിന് ചിന്തിക്കാന്‍ പോലും സാധിക്കുന്നതല്ല. താരത്തിന്റെ വാക്കുകളില്‍ ആ വേദന വ്യക്തമാണ്.

Also Read: ഷാക്കിബിന് തിരിച്ചടി; ലോക ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍ക്ക് വിലക്ക്

”എയ്ജ് ലെവല്‍ മുതല്‍ രാജ്യാന്തരം വരെ, നമ്മള്‍ ഒരുമിച്ച് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ട് 18 കൊല്ലം കഴിഞ്ഞിരിക്കുന്നു. ഗ്രൗണ്ടില്‍ നീ ഇല്ലാതെ കളിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ വേദനയാണ്. ഒരു ചാംപ്യനെ പോലെ നീ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നു. നിനക്കെന്നും എന്റേയും മൊത്തം ബംഗ്ലാദേശിന്റേയും പിന്തുണയുണ്ട്. ദൈവത്തില്‍ ഉറച്ച് വിശ്വസിക്കുക” എന്നായിരുന്നു ഷാക്കിബിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് റഹീം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മുന്‍ നായകന്‍ മഷ്‌റഫെ മൊര്‍ത്താസയും ഷാക്കിബിന് പിന്തുണ അറിയിച്ചു കൊണ്ട് രംഗത്തെത്തി. ഹൃദയസ്പര്‍ശിയായ വാക്കുകളിലൂടെയായിരുന്നു മൊര്‍ത്താസയുടെ പ്രതികരണം. ”നീണ്ട 13 വര്‍ഷത്തെ പോരാട്ടത്തിന് ശേഷം എന്നെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളാണെന്നത് തീര്‍ച്ച. ഞങ്ങളുടെ പടയാളിയുടെ സസ്‌പെന്‍ഷന്‍ തന്നെ കാരണം. എങ്കിലും അവന്റെ നേതൃത്വത്തില്‍ 2023 ലോകകപ്പ് ഫൈനലില്‍ ഞങ്ങള്‍ക്ക് കളിക്കാനാകുമല്ലോ എന്നു ചിന്തിക്കുമ്പോള്‍ എനിക്ക് ഉറക്കം തിരികെ ലഭിച്ചേക്കും. അവന്റെ പേര് ഷാക്കില്‍ അല്‍ ഹസന്‍ എന്നാണ്” ഇതായിരുന്നു മൊര്‍ത്താസയുടെ വാക്കുകള്‍.

പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഷാക്കിബിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഷാക്കിബിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം തിരിച്ചറിയുന്നുണ്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ താരത്തിനുണ്ടാകുമെന്നും ഹസീന പറഞ്ഞു. പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റും പിന്തുണ അറിയിച്ചു.

നേരത്തെ, താരങ്ങളുടെ വേതനമടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ച് ഷാക്കിബിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് ടീം സമരം നടത്തിയിരുന്നു. ഇതേത്തുര്‍ന്ന് ബോര്‍ഡും ഷാക്കിബും പരസ്യമായി ഇടഞ്ഞിരുന്നു. എന്നാല്‍ വിലക്കിന്റെ സാഹചര്യത്തില്‍ ബോര്‍ഡ് താരത്തിന് പിന്തുണ വ്യക്തമാക്കിയിട്ടുണ്ട്. വിലക്ക് മാറി വരുന്നതോടെ ഷാക്കിബിനായി ടീമിന്റെ വാതില്‍ തുറന്നിടുമെന്ന് ബോര്‍ഡ് പ്രസിഡന്റ് നാസ്മുല്‍ ഹസന്‍ പറഞ്ഞു.

കഴിഞ്ഞ ഏകദിന ലോകകപ്പിലടക്കം ബംഗ്ലാദേശിനായി തകര്‍പ്പന്‍ പ്രകടനമാണ് ഷാക്കിബ് പുറത്തെടുത്തത്. ടൂര്‍ണമെന്റിലുടനീളം ഷാക്കിബ് മറ്റേത് താരത്തേക്കാളും ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഷാക്കിബിന്റെ അസാന്നിധ്യം ബംഗ്ലാദേശ് ടീമിന് തിരിച്ചടിയാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook