കൊളംബോ: നിദാഹസ് ട്രോഫിക്കായുള്ള ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റില്‍ മുഷ്ഫിഖുര്‍ റഹിമിന്റെ വെടിക്കെറ്റഅ ബാറ്റിങ്ങിലാണ് ആതിഥേയരായ ശ്രീലങ്കയെ പരാജയപ്പെടുത്തി ബംഗ്ലാദേശ് വിജയം നേടിയത്. 35 പന്തില്‍ 72 റണ്‍സ് നേടി മുഷ്ഫിക്കര്‍ മാന്‍ ഓഫ് ദി മാച്ച് ആയി. വിജയത്തിന്റെ സന്തോഷത്തില്‍ മുഷ്ഫിഖുര്‍ റഹീം നടത്തിയ കോബ്ര ഡാന്‍സാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ബാറ്റ് നിലത്ത് വെച്ച് കൈകള്‍ തലയ്ക്കു മുകളില്‍വെച്ചാണ് മുഷ്ഫിഖു റഹീം നാഗനൃത്തം കളിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

അഞ്ച് ബൗണ്ടറികളും, നാലു സിക്‌സറുകളുമടക്കമാണ് മുഷ്ഫിക്കര്‍ 72 റണ്‍സ് സ്വന്തമാക്കിയത്. ശ്രീലങ്കന്‍ ടീം മുന്നോട്ടു വച്ച 215 റണ്‍സ് വിജയലക്ഷ്യത്തോടെയാണ് ബംഗ്ലാദേശ് ബാറ്റിങ്ങിനിറങ്ങിയത്. ഓപ്പണര്‍മാരായ തമിം ഇഖ്ബാലും(47) ലിറ്റണ്‍ ദാസും (43) മികച്ച തുടക്കമാണ് നല്‍കിയത്. ഇത് മുഷ്ഫിക്കറിന് കൂടുതല്‍ പിന്തുണയായിരുന്നു. അവസാന ഓവറിലെ നാലാം പന്തില്‍ മുഷ്ഫിക്കറെടുത്ത സിംഗിളാണ് ബംഗ്ലാദേശിനെ വിജയിപ്പിച്ചത്. സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ ആറുവിക്കറ്റിന് 214. ബംഗ്ലാദേശ് 19.4 ഓവറില്‍ അഞ്ചുവിക്കറ്റിന് 215.

ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് കുശാല്‍ മെന്‍ഡിസിന്റേയും കുസാല്‍ പെരേരയുടേയും പ്രകടനം കനത്ത തിരിച്ചടിയായി. ഇരുവരും ചേര്‍ന്ന് 53 പന്തില്‍ 85 റണ്‍സെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ