ടെസ്റ്റിലെ ഏറ്റവും കൂറ്റൻ വിജയമെന്ന റെക്കോർഡാണ് നാഗ്പൂരിൽ ഇന്ത്യ നേടിയത്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്നിങ്സിനും 239 റൺസിനുമായിരുന്നു ഇന്ത്യൻ ജയം. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയാണ് ഇന്ത്യൻ ബോളർമാർ ശ്രീലങ്കയുടെ കഥ കഴിച്ചത്. മൂന്നു മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇതോടെ ഇന്ത്യ 1-0ന് മുന്‍പിലെത്തി.

നാലാം ദിനം ബാറ്റ്സ്മാൻ ദിമുത് കരുണരത്നയുടെ വിക്കറ്റ് വീണതാണ് ശ്രീലങ്കയുടെ എല്ലാ പ്രതീക്ഷകളും അസ്തമിക്കാൻ ഇടയാക്കിയത്. 18 റൺസ് നേടിയാണ് ദിമുത് പുറത്തായത്. ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാൻ മുരളി വിജയ് നേടിയ അസാധ്യമായ ക്യാച്ചാണ് ദിമുതിനെ പുറത്താക്കിയത്. ദിമുതിന്റെ വിക്കറ്റ് വീണതോടെ ലങ്കയുടെ നട്ടെല്ല് ഒടിഞ്ഞു. ഇതിനു പിന്നാലെ ലങ്കയുടെ ഓരോ വിക്കറ്റും പെട്ടെന്ന് വീണു. ഒടുവിൽ 166 റൺസിന് ലങ്കൻ ഇന്നിങ്സ് അവസാനിച്ചു.

ഏഴാമത്തെ ഓവറിൽ രവീന്ദ്ര ജഡേജ എറിഞ്ഞ ബോളാണ് ഷോട് ലെഗിൽ മുരളി വിജയ് ക്യാച്ചെടുത്തത്. അതൊരു തുടക്കമായിരുന്നു. പിന്നീട് ഓരോ 5 ഓവറിലും ഓരോ വിക്കറ്റ് വീതം വീണു. ലങ്കൻ ക്യാപ്റ്റൻ ദിനേശ് ചണ്ഡിമൽ ബാറ്റ് വീശി സ്കോർ ഉയർത്താൻ ശ്രമിച്ചുവെങ്കിലും മറുഭാഗത്ത് വിക്കറ്റു വീഴ്ച തുടർന്നു. ഒടുവിൽ അശ്വിന്‍ ലഗിരു ഗമാജെയുടെ വിക്കറ്റുനേടി കളി അവസാനിപ്പിച്ചു. അശ്വിൻ നാലു വിക്കറ്റു പിഴുതപ്പോള്‍ ഇഷാന്ത് ശർമ, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവരും രണ്ടുവിക്കറ്റുകളുമായി ഇന്ത്യൻ വിജയത്തിൽ പങ്കുചേർന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook