ന്യൂഡൽഹി: ഓസിസ് വനിതാ ക്രിക്കറ്റ് താരം എലിസ് പെറിയോടൊപ്പം രാത്രി ഭക്ഷണം കഴിക്കാൻ പോകണമെന്ന മുരളി വിജയ്‌യുടെ ആഗ്രഹം അംഗീകരിച്ച് വനിതാ താരം. ചെന്നൈ സൂപ്പർ കിങ്സുമായുള്ള ലൈവ് ചാറ്റിനിടെയാണ് മുരളി വിജയ് ഇത്തരത്തിലൊരു ആഗ്രഹം പങ്കുവച്ചത്. ഇൻസ്റ്റഗ്രാം ലൈവിലൂടെ തന്നെയായിരുന്നു എലിസിയും ഇന്ത്യൻ താരത്തിന്റെ ആഗ്രത്തിന് യെസ് മൂളിയിരിക്കുന്നത്. പക്ഷെ ഒരു നിബന്ധനയുണ്ട് എലിസ് പെറിക്ക്.

‘അദ്ദേഹമാണ് ബിൽ കൊടുക്കുന്നതെന്ന് കരുതുന്നു. അതെന്തായാലും വളരെ നല്ലതാണ്. ഞാൻ വീണിരിക്കുന്നു’ പ്രശസ്ത ടിവി അവതാരകയായ റിഥിമ പഥക്കുമായുള്ള ഇൻസ്റ്റഗ്രാം ലൈവിനിടെയാണ് പെറി വിജയ്‌യുടെ ആഗ്രഹത്തെക്കുറിച്ച് അറിയുന്നത്. അധികം വൈകാതെ തന്നെ താൻ റെഡിയാണെന്ന് പെറി വ്യക്തമാക്കുകയും ചെയ്തു.

രണ്ട് പേരുടെയൊപ്പം അത്താഴവിരുന്നിന് പോകുകയാണെങ്കിൽ ആരെയൊക്കെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിനായിരുന്നു മുരളി പെറിയുടെ പേര് ആദ്യം തിരഞ്ഞെടുത്തത്. രണ്ടാമത്തെയാൾ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനായിരുന്നു.

“ആദ്യം എലിസ് പെറി. അവരോടൊപ്പം ഒരു ഡിന്നറായാൽ കൊള്ളാമെന്നുണ്ട്. അത്രയ്ക്ക് സുന്ദരിയാണ് പെറി. പിന്നെ തീർച്ചയായും ശിഖർ ധവാൻ. അദ്ദേഹം രസികനായ മനുഷ്യനാണ്.” മുരളി വിജയ് പറഞ്ഞു.

Read More: കോഹ്‌ലിയേക്കാൾ കേമൻ ‘ഹിറ്റ്‌മാൻ’, രോഹിത്തിന്റെ ഉയർച്ചയ്‌ക്ക് പിന്നിൽ ധോണി: ഗംഭീർ

വനിത ക്രിക്കറ്റിലെ മിന്നും താരമായ എലിസ് പെറി ഓസ്ട്രേലിയൻ റഗ്ബി താരം മാറ്റ് തൂമുവിന്റെ ഭാര്യയാണ്. രാജ്യാന്തര ക്രിക്കറ്റിൽ തിളങ്ങിയ താരം ഓസ്ട്രേലിയയ്ക്ക് വേണ്ടി ഫുട്ബോളിലും ദേശീയ കുപ്പായമണിഞ്ഞിട്ടുണ്ട്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്രിക്കറ്റ് ലോകകപ്പും ഫുട്ബോളും ലോകകപ്പും കളിച്ച ഏക താരമാണ് പെറി. തന്റെ പതിനാറാം വയസിൽ ഒരു മാസത്തെ ഇടവേളയിലായിരുന്നു താരം രണ്ട് ലോകകപ്പുകൾ കളിച്ചത്.

ഒരു പതിറ്റാണ്ടു പിന്നിട്ട കരിയറിൽ ഇതുവരെ കളിച്ചത് എട്ടു ടെസ്റ്റും 112 ഏകദിനവും 120 ട്വന്റി20 മത്സരവും. ടെസ്റ്റിൽ 78.00 ശരാശരിയിൽ 624 റൺസും 31 വിക്കറ്റും നേടി. ഏകദിനത്തിൽ 52.10 ശരാശരിയിൽ 3022 റൺസും 152 വിക്കറ്റും ട്വന്റി20യിൽ 28.32 ശരാശരിയിൽ 1218 റൺസും 114 വിക്കറ്റും വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook