അബുദാബി: ഇന്ത്യൻ പ്രിമീയർ ലീഗിന്റെ 13-ാം പതിപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുംബൈ ഇന്ത്യൻസ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ടീമിന്റെ പ്രഖ്യാപനം. കഴിഞ്ഞ സീസണിലടക്കം മുംബൈയെ കിരീടത്തിലെത്തിക്കാൻ പ്രധാന പങ്കുവഹിച്ച ശ്രീലങ്കൻ ഇതിഹാസ പേസർ ഇത്തവണ ഐപിഎൽ കളിക്കില്ല. പകരം ഓസ്ട്രേലിയൻ പേസർ ജെയിംസ് പാറ്റിൻസൺ ടീമിനൊപ്പം ചേരും.

വ്യക്തിപരമായ കാരണങ്ങളാൽ ശ്രീലങ്കയിൽ തന്നെ തുടരേണ്ടതുള്ളതിനാൽ തനിക്ക് എത്താൻ സാധിക്കില്ലെന്ന് മലിംഗ തന്നെ മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു. താരത്തിന്റെ ആവശ്യം അംഗീകരിച്ച മുംബൈ ഇന്ത്യൻസ് പകരക്കാരനായി ജെയിംസ് പാറ്റിൻസുമായി കരാറിലെത്തുകയായിരുന്നു. ഈ ആഴ്ച തന്നെ ഓസിസ് താരം ടീമിനൊപ്പം ചേരുമെന്നും ക്ലബ്ബ് അധികൃതർ അറിയിച്ചു.

ലസിത് മലിംഗയുടെ പിതാവ് വരും ആഴ്ചകളിൽ തന്നെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും അതിനാൽ താരം കുടുംബത്തോടൊപ്പമാണെന്നുമാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഇപ്പോൾ താരത്തിന് ടീമിനൊപ്പം ചേരാൻ സാധിക്കില്ല. ഇപ്പോൾ യുഎഇയിലെത്തിയാലും തിരിച്ച് ശ്രീലങ്കയിലേക്ക് വരുമ്പോൾ 14 ദിവസത്തെ ക്വാറന്റൈനിൽ പോകേണ്ടി വരും. അതിനാൽ തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ താരത്തിനൊപ്പം ടീമിനൊപ്പം വീണ്ടും ചേരാനും സാധിക്കില്ല.

കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനെ കിരീടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് മലിംഗ. രാജ്യത്തിനായി ഏറ്റവും കൂടുതൽ ഏകദിന വിക്കറ്റുകൾ നേടിയ മൂന്നാമത്തെ താരമായ മലിംഗയാണ് ടി20യിൽ നൂറു വിക്കറ്റെന്ന അപൂർവ്വ നേട്ടവും സ്വന്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook