Latest News

പൊരുതിനിന്ന് ഡിവില്ലേഴ്സ്; ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ്

അവസാന നിമിഷം പുറത്തായ ഡിവില്ലേഴ്സ് 27 പന്തിൽ നിന്ന് 48 റൺസ് നേടി

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2021 സീസണിലെ ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. വെടിക്കെട്ട് ബാറ്റ്സ്മാനായ എബി ഡിവില്ലേഴ്സിന്റെ പ്രകടനമാണ് ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്. 27 പന്തിൽ നിന്ന് 48 റൺസ് നേടിയ ഡിവില്ലേഴ്സ് അവസാന ഓവറിലെ നാലാമത്തെ പന്തിലാണ് പുറത്തായത്.

ബാംഗ്ലൂരിന് വേണ്ടി നായകൻ വിരാട് കോഹ്ലി 29 പന്തിൽ നിന്ന് 33 റൺസും ഗ്ലെൻ മാക്സ്വെൽ 28 പന്തിൽ നിന്ന് 39 റൺസും നേടി പുറത്തായി.

ഓപ്പണിങ്ങിനിറങ്ങിയ വാഷിങ്ടൺ സുന്ദർ 16 പന്തിൽ നിന്ന് 10 റൺസ് മാത്രം നേടിയാണ് പുറത്തായത്. രജത് പാടിദാർ എട്ട് റൺസും ഷാഹ്ബാസ് അഹമ്മദ്, ഡാൻ ക്രിസ്റ്റ്യൻ എന്നിവർ ഓരോ റൺസുമെടുത്ത് പുറത്തായി. കൈൽ ജാമേഴ്സണും ഹർഷൽ പട്ടേലും ഓരോ റൺസ് നേടി.

Read More: ഭുവിയുടെ തിരിച്ചുവരവ് ബോളിങ് നിരയുടെ ആഴം കൂട്ടും, ടീം സന്തുലിതം: ഡേവിഡ് വാര്‍ണര്‍

മുംബൈക്ക് വേണ്ടി ബുംറയും ജാൻസെനും ബാംഗ്ലൂരിന്റെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കൃണാൽ പാണ്ഡ്യയും ട്രെന്റ് ബോൾട്ടും ഓരോ വിക്കറ്റെടുത്തു.

ആദ്യ ഇന്നിങ്സിൽ മുംബൈയെ എറിഞ്ഞൊതുക്കാൻ ആർസിബിക്ക് കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് തുടക്കത്തിലെ മൂന്നോവറുകളില്‍ ചില സര്‍പ്രൈസുകള്‍ ചെന്നൈയിലെ പിച്ച് നല്‍കിയെങ്കിലും പിന്നീട് കഥ മാറുകയായിരുന്നു. നാലാം ഓവറില്‍ തന്റെ വിശ്വസ്തനായ യുസ്വേന്ദ്ര ചഹലിന് ബോള്‍ കൈമാറുമ്പോള്‍ ഒരു വിക്കറ്റ് മാത്രമായിരുന്നു കോഹ്ലിയുടെ ലക്ഷ്യം. എന്നാല്‍ രോഹിത് ശര്‍മ അനായാസം ബാറ്റ് വീശി. മനോഹരമായ ഒരു സിക്സ് മുംബൈ നായകന്റെ ബാറ്റില്‍ നിന്ന് പിറന്നു. തൊട്ടുപിന്നാലെ രോഹിതിന് റണ്ണൗട്ടാക്കി ബാംഗ്ലൂര്‍ ആദ്യ വിക്കറ്റ് നേടി.

മൂന്നാമനായി എത്തിയ സൂര്യകുമാര്‍ യാദവ് കഴിഞ്ഞ സീസണില്‍ അവസാനിപ്പിച്ചിടത്ത് നിന്ന് തുടങ്ങുകയായിരുന്നു. അനായാസം ബൗണ്ടറികള്‍ സൂര്യകുമാര്‍ നേടി. മറുവശത്ത് ക്രിസ് ലിന്‍ വമ്പനടികളുമായി സ്കോറിങ്ങിന് വേഗവും കൂട്ടി. പത്ത് ഓവറില്‍ മുംബൈ 86 റണ്‍സ് നേടി. മൂന്ന് ഓവറിനിടയില്‍ ലിന്നിനേയും സൂര്യകുമാറിനേയും (31) മടക്കി ബാംഗ്ലൂരിന്റെ തിരിച്ചുവരവ്.

Read More: ഐ‌പി‌എൽ 2021 ധോണിയുടെ കരിയറിലെ അവസാന ഐപിഎൽ ആവുമോ? മറുപടിയുമായി സിഎസ്‌കെ സിഇഒ

അര്‍ദ്ധ സെഞ്ചുറിക്ക് ഒരു റണ്‍ അകലെയാണ് ലിന്‍ വീണത്. വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ സിക്സിന് ശ്രമിച്ച ലിന്നിന് പിഴച്ചു. സുന്ദറിന്റെ കൈകളില്‍ തന്നെ ഓസിസ് താരത്തിന്റെ ഇന്നിങ്സ് അവസാനിച്ചു. രണ്ടാം വിക്കറ്റില്‍ 70 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. പിന്നീടെത്തിയ ഹാര്‍ദിക് പാണ്ഡ്യക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. ഹര്‍ഷല്‍ പട്ടേലാണ് പാണ്ഡ്യയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.

മികച്ച തുടക്കം കിട്ടിയ ഇഷാന്‍ കിഷാനും കിട്ടിയ അവസരം നഷ്ടപ്പെടുത്തുകയായിരുന്നു. 19 പന്തില്‍ 28 റണ്‍സ് നേടിയ ഇഷാനെ മടക്കിയതും ഹര്‍ഷല്‍ പട്ടേലായിരുന്നു. രണ്ട് ഫോറും ഒരു സിക്സുമാണ് കിഷാന്‍ നേടിയത്.

അവസാന ഓവറിന്റെ ആദ്യ പന്തില്‍ ക്രുണാല്‍ പാണ്ഡ്യയേയും രണ്ടാം പന്തില്‍ കീറോണ്‍ പൊള്ളാര്‍ഡിനേയും മടക്കി ഹര്‍ഷല്‍ പട്ടേല്‍ നാലാം വിക്കറ്റിലേക്കും ഹാട്രിക്കിലേക്കുമെത്തി. എന്നാല്‍ ഹാട്രിക്ക് നേടാന്‍ താരത്തിനായില്ല. പക്ഷെ അടുത്ത പന്തില്‍ മാര്‍ക്കോ ജാന്‍സന്റെ കുറ്റിതെറിപ്പിച്ച് ഹര്‍ഷല്‍ ചരിത്രമെഴുതി. മുംബൈ ഇന്ത്യന്‍സിനെതിരെ അഞ്ച് വിക്കറ്റ് നേടുന്ന താരമായി മാറി വലം കൈയ്യന്‍ ഫാസ്റ്റ് ബൗളര്‍. ചാമ്പ്യന്മാരുടെ പോരാട്ടം 159 റണ്‍സിലൊതുങ്ങി.

മുംബൈ ഇന്ത്യന്‍സ്

രോഹിത് ശർമ, ക്രിസ് ലിൻ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, കീറോൺ പൊള്ളാർഡ്, ക്രുണാൽ പാണ്ഡ്യ, രാഹുൽ ചഹാർ, മാർക്കോ ജാൻസൻ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

വിരാട് കോഹ്‌ലി, രജത് പട്ടിദാർ, എബി ഡിവില്ലിയേഴ്‌സ്, ഗ്ലെൻ മാക്‌സ്‌വെൽ, ഡാനിയൽ ക്രിസ്റ്റ്യൻ, വാഷിംഗ്ടൺ സുന്ദർ, കെയ്‌ൽ ജാമിസൺ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ഷാബാസ് അഹമ്മദ്, യുസ്വേന്ദ്ര ചഹല്‍.

Web Title: Mumbai indians royal challengers bangalore ipl match updates

Next Story
നടു റോഡില്‍ കട്ടക്കലിപ്പുമായി രാഹുല്‍ ദ്രാവിഡ്; അമ്പരപ്പില്‍ കോഹ്ലിയും ആരാധകരും
The moderation of comments is automated and not cleared manually by malayalam.indianexpress.com